സംസ്ഥാനസര്‍ക്കാര്‍ ഡിസംബര്‍ 19 മുതല്‍ 25 വരെ സദ്ഭരണ വാരം ആചരിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അര്‍ദ്ധ ദിന ശില്‍പശാല നടത്തി. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (പി ആന്റ് എ ആര്‍) വകുപ്പിന്റെയും ഭാരത സര്‍ക്കാര്‍ ഭരണ പരിഷ്‌കാര (ഡി. എ ആര്‍ . പി.ജി.) വകുപ്പിന്റേയും നിര്‍ദ്ദേശപ്രകാരം ഇടുക്കി ജില്ലയുടെ അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന മാര്‍ഗരേഖ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സദ്ഭരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചത്. ഇടുക്കി മുന്‍ ജില്ലാ കളക്ടര്‍ ജെയിംസ് വര്‍ഗീസ് ശില്‍പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.സിവില്‍ സൊസൈറ്റിയെ ഭരണകൂടത്തിന്റെ പങ്കാളിയാക്കി മാറ്റലാണ് യഥാര്‍ത്ഥ സദ്ഭരണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ആത്മവിചാരണ നടത്തണം. സിവില്‍ സൊസൈറ്റിയെ ബാധ്യതയായി കരുതുകയോ സംശയത്തോടെ കാണുകയോ അരുത്. ദീര്‍ഘവീക്ഷണത്തോടെയും ജനങ്ങളോട് സമവായത്തോടെയും പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

2047 ലേക്കുള്ള ജില്ലയുടെ മാര്‍ഗരേഖ ജില്ല പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് അവതരിപ്പിച്ചു. ടൂറിസം, സ്പോര്‍ട്സ്, വിദ്യാഭ്യാസം, കൃഷി, കാലി വളര്‍ത്തല്‍, ഐ.ടി തുടങ്ങിയ രംഗങ്ങളില്‍ ആവിഷ്‌കരിക്കേണ്ട പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ അവതരണം നടന്നു. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയില്‍ നടത്തുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സെന്‍സി ബി., മറയൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ”ചില്ല സംരംഭത്തെക്കുറിച്ച് മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ജി.വിനോദ് കുമാര്‍, ദേവികുളം റവന്യു ഡിവിഷണല്‍ ഓഫീസിലെ ഇ-തപാല്‍ സംവിധാനത്തെക്കുറിച്ച് ബെറില്‍ തോമസ് എന്നിവര്‍ വിശദീകരിച്ചു. തുടര്‍ന്ന് മാതൃകാ ഭരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതു ചര്‍ച്ച നടന്നു. ചടങ്ങിന് ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. ഡി.ഡി.സി. ഓഫീസ് ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍ ബെറില്‍ തോമസ് ആമുഖവും എ.ഡി.എം ഷൈജു പി. ജേക്കബ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ശില്‍പശാലയില്‍ പങ്കെടുത്തു.