സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷൻ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്കായി നടത്തിയ ചൊല്ല്-ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയുടെ അവസാനഘട്ട നറുക്കെടുപ്പ് നടത്തി. കേരളത്തിൽ രാജഭരണം നിലവിലുണ്ടായിരുന്ന ഏക ആദിവാസി വിഭാഗമായ മന്നാൻ സമുദായത്തിന്റെ തലവനായ കോവില്‍മല രാജാവ് രാമന്‍ രാജമന്നാനാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്. മന്നാൻ സമുദായത്തിന്റെ രാജ തലസ്ഥാനമായ കോവിൽമലയിൽ നിന്നും ഫേസ്ബുക്ക് ലൈവായി നടന്ന നറുക്കെടുപ്പിന് ഇടുക്കി ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ യാസിർ ടി. എ. നേതൃത്വം നല്‍കി.

ഡിസംബര്‍ 21 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയ ചോദ്യങ്ങൾക്ക് മെസഞ്ചർ വഴി ഉത്തരം നല്‍കി 32 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 24 പേര്‍ രണ്ട് ചോദ്യത്തിനും ശരിയായ ഉത്തരം നല്‍കി. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട കോട്ടയം പനമറ്റം സ്വദേശിനി ജയലക്ഷ്മി ജി, പത്തനംതിട്ട സ്വദേശി ഹരികൃഷ്ണൻ, കുമളി സ്വദേശി ജെയ്‌സൺ എബ്രഹാം എന്നിവരാണ് വിജയികള്‍. വിജയികള്‍ക്ക് ഫലകവും പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. ഓഫീസില്‍ നിന്ന് അറിയിക്കുന്ന മുറയ്ക്ക് തിരിച്ചറിയല്‍ രേഖയുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തി സമ്മാനങ്ങള്‍ സ്വീകരിക്കാം.