ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യാജമദ്യം, ലഹരി മരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സഹകരിച്ച് പരിശോധന നടത്തുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി പരാതികള്‍ ലഭിക്കുന്ന ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പരിശോധന കര്‍ശനമാക്കും. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കൃത്യമായ ഇടവേളകളില്‍ എക്‌സൈസ്, പോലീസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പരിശോധന നടത്തും. ക്രിസ്മസ് അവധി ദിനങ്ങളോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എന്‍എസ്എസ് ക്യാമ്പുകളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എഡിഎം പറഞ്ഞു. വ്യാജമദ്യം, ലഹരി മരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, റാന്നി ഫോറസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.പി. പ്രദീപ്, റാന്നി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, അടൂര്‍ എക്‌സൈസ് സിഐ കെ.പി. മോഹന്‍, മല്ലപ്പള്ളി എക്‌സൈസ് സിഐ ഐ. നൗഷാദ,്  ഡിഇഒ പി.ആര്‍. ഷീലാകുമാരിഅമ്മ, വിവിധ സന്നദ്ധസംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.