നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ‘സ്‌നേഹസാഗരം’ പാലിയേറ്റിവ് കെയര്‍ കുടുംബസംഗമം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പാലിയേറ്റിവ് രോഗികളുടെ മാനസിക ഉല്ലാസമാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങില്‍ 110 കുടുംബങ്ങള്‍ ഒത്തുകൂടി. അരി, പയര്‍, പരിപ്പ്, ഹോര്‍ളിക്സ്, തേയില, പഞ്ചസാര, മുളക്-മല്ലി പൊടികള്‍, എണ്ണ, സോപ്പ് എന്നിവ അടങ്ങുന്ന കിറ്റും വിതരണം ചെയ്തു. 16 കിടപ്പുരോഗികള്‍ക്ക് ഫാനും ഒരാള്‍ക്ക് മെത്തയും നല്‍കി.
പാലോട് വൃന്ദാവനം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.