*അങ്കണവാടി കുട്ടികളുടെ കലോത്സവം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട് നഗരസഭയിലെ അങ്കണവാടി കുട്ടികളുടെ കലോത്സവമായ ‘സ്‌നേഹോത്സവം 2022-23’ ജനശ്രദ്ധ നേടി. പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളായി മാറുകയാണെന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തില്‍ നഗരസഭയിലെ 59 അങ്കണവാടികളില്‍ നിന്നായി അഞ്ഞൂറിലധികം കുട്ടികള്‍ മാറ്റുരച്ചു. പ്രച്ഛന്ന വേഷവും, ആംഗ്യപ്പാട്ടും, നൃത്തവുമായി കുട്ടികള്‍ അരങ്ങ് ഉത്സാഹഭരിതമാക്കി. കളിയും ചിരിയും നിറഞ്ഞ ആവേശഭരിതമായ വേദിയായി മാറി നെടുമങ്ങാട് ടൗണ്‍ ഹാള്‍.
നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‌സിലര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.