*ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു.

ഖാദി, കൈത്തറി വ്യവസായങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച് മികച്ച രീതിയില്‍ വ്യവസായത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ബോര്‍ഡ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ സൗഭാഗ്യയുടെ നെടുമങ്ങാട് ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തില്‍ നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് പുതിയതായി ഖാദി ഗ്രാമസൗഭാഗ്യ ഷോ റൂം പ്രവര്‍ത്തനമാരംഭിച്ചത്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശത്തോടെയാണ് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ഖാദി ബോര്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരു ജോഡിയെങ്കിലും ഖാദി വസ്ത്രം വാങ്ങണമെന്ന നിര്‍ദ്ദേശമാണ് ബോര്‍ഡ് മുന്നോട്ട് വെക്കുന്നത്.  നെടുമങ്ങാട് ആരംഭിച്ച ഷോ റൂമില്‍ കോട്ടണ്‍,സില്‍ക്ക് സാരികള്‍, ചുരിദാര്‍ ടോപ്പുകള്‍, ഷര്‍ട്ടുകള്‍ മുതലായവ 30% വരെ ഗവണ്മെന്റ് റിബേറ്റ് നിരക്കില്‍ ലഭ്യമാണ്. കൂടാതെ തേന്‍, എള്ളെണ്ണ, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും ഇവിടെയുണ്ട്.

നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍  ശ്രീജ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖാദി ബോര്‍ഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.