റവന്യൂ വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളെയും കൂട്ടിച്ചേര്‍ത്ത് 2023ല്‍ റവന്യൂ വകുപ്പ് സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ വകുപ്പായി മാറുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന കോഴിക്കോട് മേഖല റവന്യൂ വകുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജില്‍ നല്‍കുന്ന ഒരു പരാതി അതിവേഗം സെക്രട്ടറിയേറ്റില്‍ എത്തും വിധം സമ്പൂര്‍ണ്ണമായ ഡിജിറ്റലൈസേഷനാണ് ലക്ഷ്യം വെക്കുന്നത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആരംഭിച്ച് അതിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് അടുത്ത വര്‍ഷത്തോടെ ഇ-സാക്ഷരതയിലേക്ക് മാറും. സാധാരണക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഒരു വീട്ടില്‍ ഒരാളെയെങ്കിലും സാങ്കേതിക സാക്ഷരത പഠിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉപഭോക്തൃ സൗഹൃദ ആപ്പുകളും ഇതിനായി ഉപയോഗിക്കും. നാലുവര്‍ഷക്കാലം കൊണ്ട് കേരളത്തിലെ മുഴുവന്‍ വില്ലേജുകളും സമ്പൂര്‍ണ്ണമായി ഡിജിറ്റലാക്കുന്നതിന്റെ നടപടിക്രമങ്ങളും വേഗത്തിലാക്കും.
ഇന്ത്യയില്‍ ആദ്യമായി യുണീക്ക് തണ്ടപ്പേര്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറും. തണ്ടപ്പേരും ആധാറും കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. കേരളത്തെ നാലു മേഖലകളാക്കി തിരിച്ച് താലൂക്ക് ലാന്റ് ബോര്‍ഡുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടര്‍മാരെ ഏല്‍പ്പിക്കുന്നതും 1977 ന് മുമ്പ് കുടിയേറിയവര്‍ക്ക് വനഭൂമിയുടെ ലഭ്യമായ അവകാശം വെച്ച് നല്‍കുവാനുള്ള ആലോചനയുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിന്റെ മേഖല യോഗത്തില്‍ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളും പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങളും, നികുതി അടയ്ക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍, ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വയനാട് ജില്ലയിലെ ഡബ്യൂസിസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ദേശീയപാത ഉള്‍പ്പടെ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. ലാന്റ് റവന്യൂ കമ്മീഷണര്‍, ജോയന്റ് ലാന്റ് കമ്മീഷണര്‍ , കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കലക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.