സുസ്ഥിര തൃത്താല പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന സുസ്ഥിര തൃത്താല പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മണ്ണ്, ജലം, കൃഷി, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തൃത്താല മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല. ഭൂഗര്‍ഭ ജലവിധാനം സെമി ക്രിട്ടിക്കല്‍ അവസ്ഥയിലുള്ള മണ്ഡലത്തിലെ ജലസ്രോതസുകളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, മണ്ഡലത്തെ തരിശുരഹിതവും-മാലിന്യമുക്തവുമാക്കി മാറ്റുക, ടൂറിസം വികസനം തുടങ്ങിയവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

യോഗത്തില്‍ മാലിന്യമുക്ത തൃത്താലയ്ക്ക് വേണ്ടി ഉറവിട മാലിന്യ സംസ്‌കരണവും ഹരിത കര്‍മ്മ സേന മുഖേനയുള്ള അജൈവമാലിന്യ ശേഖരണവും ഉറപ്പാക്കണമെന്നും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതച്ചട്ടം നടപ്പാക്കണമെന്നും മന്തി കൂട്ടിച്ചേര്‍ത്തു. ജനുവരി 26 നകം മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഹരിതചട്ടം നടപ്പാക്കാനും തൃത്താലയെ സമ്പൂര്‍ണ എം.സി.എഫ് മണ്ഡലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശിച്ചു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 31 നകം വിവിധ മേഖലകളില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകള്‍ ചേരാനും സ്‌കൂളുകളില്‍ സുസ്ഥിര ക്ലബ്ബുകള്‍ ആരംഭിക്കാനും ജൈവ സംരക്ഷണത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കാനും പഞ്ചായത്തുകളില്‍ ഒരു ജൈവവാര്‍ഡ്, കാര്‍ഷിക കുളം, പച്ചത്തുരുത്തുകളുടെ പുനരുജ്ജീവനം, ജനപ്രതിനിധികള്‍ സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവരുടെ വീടുകളില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതികള്‍ നടപ്പാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ സുസ്ഥിര തൃത്താല പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കി നിര്‍വഹിച്ചു.യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, സംസ്ഥാന ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍, നവകേരളം കര്‍മ്മപദ്ധതി പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ഹരിതകേരളം മിഷന്‍ മുന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.