സംസ്ഥാന കായികമേളയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ ജില്ലയിലെ കായികതാരങ്ങളെ അനുമോദിച്ചു. കൂട്ടായ്മയുടെ വിജയമാണ് സംസ്ഥാനതലത്തില്‍ കിരീടം നേടാന്‍ പാലക്കാടിനെ പ്രാപ്തമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, കായികാധ്യാപകര്‍, പരിശീലകര്‍ എന്നിവരുടെയും സ്‌കൂളിന്റെയും കൂട്ടായ്മയുടെയും കഠിനപ്രയത്‌നത്തിന്റെ വിജയമാണ് ഈ നേട്ടം സാധ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് കായിക മേഖലയില്‍ ഒരുപാട് ഇടപെടലുകള്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ജില്ലയ്ക്ക് ഒരേ ജേഴ്‌സി ലഭ്യമാക്കും. കായിക പരിശീലന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കായികതാരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് മികച്ച പിന്തുണ നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.

269 പോയിന്റ് നേടിയാണ് ജില്ല കിരീടം കരസ്ഥമാക്കിയത്. ഇതില്‍ 32 സ്വര്‍ണം, 21 വെള്ളി, 18 വെങ്കലം ഉള്‍പ്പെടെ 98 ഇനങ്ങളിലായി 71 മെഡലുകള്‍ ഉള്‍പ്പെടുന്നു. സംസ്ഥാനതലത്തില്‍ സ്‌കൂളുകളില്‍ ഏഴ് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവുമടക്കം 14 മെഡലുകളോടെ 54 പോയിന്റ് നേടി കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുമരംപുത്തൂര്‍ (മണ്ണാര്‍ക്കാട്) രണ്ടാം സ്ഥാനം നേടി. സംസ്ഥാന തലത്തില്‍ തന്നെ കൊടുന്തിരപ്പുള്ളി പുളിയംപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി എസ്. മേഘ, മാത്തൂര്‍ സി.എഫ്.ഡി എച്ച്.എസ്.എസിലെ പി. അഭിരാം എന്നിവരെ മികച്ച കായികതാരങ്ങളായും തെരഞ്ഞെടുത്തിരുന്നു. നേട്ടങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും കായികാധ്യാപകരെയും പരിപാടിയില്‍ അനുമോദിച്ചു. ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ കെ. പുഷ്പ അധ്യക്ഷയായി. ജില്ലാതലമേളകളുടെ നോഡല്‍ ഓഫീസര്‍ പി. തങ്കപ്പന്‍, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, കായികാധ്യാപകരായ പി.ജി മനോജ് (പറളി),പി.കെ ജാഫര്‍ ബാബു (കല്ലടി),എന്‍.എസ് സിജിന്‍ (മുണ്ടൂര്‍), ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജിജി ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി പി. മാധവചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.