വിളയാട്ടൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് മേലടി ബി.ആര്‍.സി ആണ് പദ്ധതി നടപ്പാക്കുന്നത്. എസ്.എസ്.കെയില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് മൂന്ന് കിലോവാട്ട് റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റാണ് ഒരുക്കിയിട്ടുള്ളത്. ആറ് പാനലുകളാണ് സ്‌കൂളിലുള്ളത്. അനര്‍ട്ടിനാണ് നിര്‍മ്മാണ ചുമതല.
മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എസ്‌കെ കോഴിക്കോട് ഡിപിഒ കെ.എന്‍ സജീഷ് നാരായണന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനു കുറുവങ്ങാട്, മേലടി ബിപിസി വി.അനുരാജ്, ബി.പി.ഒ എം.കെ രാഹുല്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ ബാബു, വി.പി ശിവദാസ്, രഘു നമ്പിയത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി.സുനന്ദ സ്വാഗതവും പിടിഎ പ്രസിഡന്റ് എന്‍ സി ബിജു നന്ദിയും പറഞ്ഞു.