മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022ലെ ഫെലോഷിപ്പിന്  അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കുവേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം.  വിദ്യാർത്ഥികൾക്ക്  പ്രവൃത്തിപരിചയം  നിർബന്ധമല്ല. അപേക്ഷയും സംക്ഷിപ്ത പ്രബന്ധ സംഗ്രഹവും (സിനോപ്സിസ്) ജനുവരി 10 നകം സെക്രട്ടിറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തിൽ ലഭിക്കണം.

സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഫെലോഷിപ്പ് നൽകില്ല.  പട്ടികജാതി-പട്ടികവർഗ-മറ്റ് അർഹവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങൾക്കു മുൻഗണന നൽകും.  പഠനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം.  അപേക്ഷാഫോമും നിയമാവലിയും www.keralamediaacademy.org യിൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0484-2422275.