പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ സമഗ്ര വികസന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത സാഹചര്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. പാറയ്ക്കല്‍ കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് അടിയന്തരമായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തണം. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പ്രശ്നം പരിഹരിക്കാനാകും. ജില്ലാ നിര്‍മിതികേന്ദ്രം മികച്ച രീതിയില്‍ സമയബന്ധിതമായി പാറയ്ക്കല്‍ കോളനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും എംഎല്‍ എ പറഞ്ഞു.

പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് പാറയ്ക്കല്‍ കോളനിയില്‍ നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം, വാര്‍ഡ് അംഗങ്ങളായ മീനു ഷാജി, മന്ദിരം രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, പട്ടികജാതി വികസന ഓഫീസര്‍ ബോബി മാത്യൂസ്, ജില്ലാ നിര്‍മിതികേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സുനില്‍, മോണിറ്ററിംഗ് കമ്മിറ്റി വനിതാ പ്രതിനിധി ബിന്ദു രവീന്ദ്രന്‍, എസ്സി/എസ്ടി സംസ്ഥാന ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.