കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ‘അറിവാണ് ലഹരി’  എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും. എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനവും സമ്മാനദാനവും നടത്തും.

തളിപ്പറമ്പിലെ വിപുലമായ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ജി.എസ്. പ്രദീപ് ക്വിസ് മാസ്റ്ററായ പ്രശ്‌നോത്തരിയുടെ കലാശപ്പോരാട്ടം. ഹയർസെക്കന്ററി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി ജനറൽ കൗൺസിൽ അംഗം മൂന്ന് മേഖലകളിലായി നടന്ന മത്സരത്തിൽ 126 ടീമുകളാണ് പങ്കെടുത്തത്. അതിൽ അവസാന റൗണ്ടിലെത്തിയത് ഒൻപത് ടീമുകളാണ്. മെഗാ ഫൈനലിൽ ആദ്യറൗണ്ട് മത്സരത്തിൽ ഒമ്പതിൽ ആറ് ടീമുകളെ തിരഞ്ഞെടുക്കും.

സ്‌കൂൾ/ കോളേജുകളിൽ പ്രവർത്തിക്കുന്ന കേരള മീഡിയ അക്കാദമി പദ്ധതിയായ മീഡിയ ക്ലബ്ബിന്റെ പ്രവർത്തന പരിപാടികളുടെ ഭാഗമായാണ് ക്വിസ് പ്രസ് സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവത്കരണവും മാധ്യമസാക്ഷരതയുമാണ് മത്സരത്തിന്റെ ലക്ഷ്യം.