മണ്ഡലപൂജയ്ക്കായി സന്നാഹങ്ങള്‍ സജ്ജമെന്ന് എ.ഡി.എം. പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. ക്യൂ കോംപ്ലക്സില്‍ തീര്‍ഥാടകര്‍ക്കായി ആറുഭാഷയിലുള്ള അറിയിപ്പുകള്‍ നല്‍കും. മണ്ഡലപൂജയ്ക്കായി അയ്യന് ചാര്‍ത്താന്‍ കൊണ്ടുവരുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ പമ്പയില്‍നിന്ന് തീര്‍ഥാടകരെ നിയന്ത്രിക്കുമെന്ന്് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദ് പറഞ്ഞു. അസിസ്റ്റന്റ് സ്്്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കും.
ശബരിമലയിലെ ജലവിതരണം അടക്കമുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഇടവേളയില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ പി. നിതിന്‍രാജ്, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മനോജ് രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
