ചെര്‍പ്പുളശ്ശേരിയിലെ പന്നിയംകുറുശ്ശി-തൂത റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ പ്രഥമ ആലോചനയോഗം ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ്‌സ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (KEL) ആണ്. തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം  എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് മേല്‍നോട്ടം.
പദ്ധതി നടത്താന്‍ ഉദ്ദേശിക്കുന്ന റൂട്ടില്‍ സമഗ്ര കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ പരമാവധി വേഗതയില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പദ്ധതിയുടെ പുരോഗതി വിലയിരുത്താനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സഫ്‌ന പാറക്കല്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, പദ്ധതി മേഖലയിലെ നഗരസഭ കൗണ്‍സിലര്‍മാര്‍, വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍, കെല്‍ പ്രോജക്ട് എന്‍ജിനീയര്‍, കുടിവെള്ള പദ്ധതി കരാര്‍ കമ്പനി പ്രതിനിധി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.