ഉത്സവ നടത്തിപ്പിന് എല്ലാ സഹായവും നൽകുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ
കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരെ അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ മാറ്റി നിർത്തും
കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് 24ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജിയെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവിറക്കി. സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ കൂടിയ അനുരഞ്ജന യോഗത്തെത്തുടർന്നാണ് ഉത്തരവ്. ക്ഷേത്ര ഉത്സവം സുഗമമായും തടസ്സം കൂടാതെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം കമ്മിറ്റിയ്ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ എം.എൽ.എ പി.പി.ചിത്തരഞ്ജൻ ഉറപ്പ് നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള മജിസ്റ്റിരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നിർദ്ദേശിച്ചു. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
യോഗത്തിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ദേവസ്വം ഭാരവാഹികൾ വിവിധ വിഷയങ്ങൾ യോഗത്തിൽ സംസാരിച്ചു. തുടർന്ന് കിടങ്ങാം പറമ്പ്, മുല്ലയ്ക്കൽ ക്ഷേത്രോത്സവങ്ങൾ കഴിയുന്നതുവരെ ഉത്സവ സ്ഥലത്ത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചതായും ജില്ല കളക്ടർ അറിയിച്ചു.
അനുരഞ്ജന യോഗത്തിൽ സബ് കളക്ടർ സൂരജ് ഷാജി, മുൻസിപ്പൽ ചെയർപേഴ്സൺ സൌമ്യ രാജ്, എ.ഡി.എം. സന്തോഷ് കുമാർ.എസ്., കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡൻറ് കെ.എസ്.ഷാജി കളരിയ്ക്കൽ, ഭാരവാഹികളായ സ്കന്ദൻ ആർ., ജി.മോഹൻദാസ്, അഡ്വ. പ്രമൽ എന്നിവർ പങ്കെടുത്തു.