ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിന്റെ ഭാ​ഗമായി നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം നിർവഹിച്ചു. പട്ടം പറത്തൽ വിദഗ്ദ്ധരുമായി സംവദിച്ച ചിന്ത ബീച്ചിൽ പട്ടം പറത്തിയ ശേഷമാണ് മടങ്ങിയത്.

കൈറ്റ് ഫെസ്റ്റിന്റെ ഭാഗമാകാൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരും ഇത്തവണയും ബേപ്പൂരിലെത്തിയിരുന്നു. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ഐ ലൗവ് ബേപ്പൂർ തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങളും ഫെസ്റ്റിൽ അണിനിരന്നിരുന്നു. വിദേശ രാജ്യങ്ങളായ തുർക്കി, സിങ്കപ്പൂർ, വിയ്റ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ മുപ്പത് വർഷത്തിലേറെയായി പട്ടം പറത്തൽ മേഖലയിലുള്ളവരും ഗുജറാത്ത്, രാജസ്ഥാൻ, ഒഡീസ, കർണ്ണാടക, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരും കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി. വൺ ഇന്ത്യ കൈറ്റ് ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് ബേപ്പൂർ കൈറ്റ് ഫെസ്റ്റിവലിന് പട്ടം പറത്തിയത്.

ചടങ്ങിൽ ഫറോഖ് മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം സമീഷ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ്, വാട്ടർ ഫെസ്റ്റ് പ്രോ​ഗ്രം കമ്മിറ്റി ചെയർമാൻ കെ ആർ പ്രമോദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എൽ.യു അഭിത്, വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.