ആഘോഷങ്ങളെ മനുഷ്യ നൻമയുടെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉത്സവങ്ങൾ ഏകപക്ഷീയമാകരുതെന്നും ആഘോഷങ്ങൾ ഐക്യത്തിന് വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ ആരംഭിച്ച ക്രിസ്മസ് -പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിജയങ്ങൾ ആഘോഷിക്കുമ്പോൾ ഏവരെയും അംഗീകരിക്കാൻ കഴിയണമെന്നും ലോകകപ്പ് ഫുട്ബോൾ ആവേശത്തെ ഓർമ്മിപ്പിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെയാണ് ലോകം മുഴുവൻ ഒരു ഫുട്ബോളിലേയ്ക്ക് ചുരുങ്ങിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നീണ്ട ഇടവേളയ്ക്ക് ശേഷം വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന മുസിരിസ് ബീച്ച് ഫെസ്റ്റിന് മുന്നോടിയായാണ് ജനുവരി 10 വരെ ആഘോഷം സംഘടിപ്പിക്കുന്നത്. ക്രിസ്മസ് – ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സദസുകൾ, മെഗാഷോ, ഗാനമേള, നാടൻപാട്ട്, വിപണനമേള തുടങ്ങി വിവിധ പരിപാടികൾ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.

ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സികെ ഗിരിജ, എറിയാട് പഞ്ചായത്ത് പ്രസിഡൻ്റ് കെപി രാജൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാധാകൃഷ്ണൻ , മതിലകം ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ.ഹസ്ഫൽ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീന റാഫി എന്നിവർ പങ്കെടുത്തു.