കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ഡിസംബർ 29 ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മോക് ഡ്രിൽ നടത്തും. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിൽ അന്നേദിവസം മോക് ഡ്രിൽ നടക്കും.

കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും പ്രളയവുമായി ബന്ധപ്പെട്ടാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലും താമരശ്ശേരി താലൂക്കിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലും വടകര താലൂക്കിൽ തിരുവള്ളൂർ പഞ്ചായത്തിലും മോക് ഡ്രില്ലുകൾ നടക്കും. ജില്ലാ തലത്തിൽ ഒളവണ്ണ പഞ്ചായത്തിലാണ് മോക് ഡ്രിൽ നടക്കുക. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ള ജില്ലകളിൽ ഇവ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ചാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.

മോക് ഡ്രില്ലുകൾക്ക് മുന്നോടിയായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന തല ടേബിൾ ടോപ് എക്സസൈസ് നടത്തി. ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം യോഗത്തിൽ വിലയിരുത്തി. ജില്ലകളിൽ മോക്ക്ഡ്രിൽ നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ, വകുപ്പുകളുടെ പ്രവർത്തനങ്ങൾ, ഏകോപനം, ഒരുക്കങ്ങൾ, കൺട്രോൾ റൂം, ആശയവിനിമയ ഉപാധികളുടെ ഉപയോഗം, തുടങ്ങിയവ വിലയിരുത്തി.

ആരോഗ്യം,റവന്യൂ, പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്‌ക്യു, ഫിഷറീസ്, ജില്ലയിലും താലൂക്കുകളിലുമുള്ള ഐ ആർ എസ്‌ ഓഫീസർമാർ തുടങ്ങിയവർ സംസ്ഥാനതല ടേബിൾ ടോപ് എക്സസൈസിൽ പങ്കെടുത്തു. കലക്ടറേറ്റ് വീഡിയോ കോൺഫെറൻസ് ഹാളിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, എഡിഎം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, ജൂനിയർ സൂപ്രണ്ട് (ഡി എം) ബിന്ദു, ജില്ലാതല ഐ ആർ എസ്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.