കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാര മാർഗമെന്ന നിലയിൽ കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് ലഭ്യമാക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.

സൗരോർജ്ജവും മൈക്രോ ഇറിഗേഷൻ സാങ്കേതിക വിദ്യയും സംയുക്തമായി പ്രയോജനപ്പെടുത്തി ശാസ്ത്രീയമായി കൃഷി ചെയ്യുന്നത് വിളവ് വർധിപ്പിക്കുവാനും കർഷകരുടെ വരുമാനം ഉയർത്തുവാനും  സഹായിക്കും. ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സബ്‌സിഡി ആനുകൂല്യങ്ങൾപ്പെടെ നൽകി നൂറ് മെഗാവാട്ടോളം സൗര വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ശാസ്ത്രീയവും ക്ഷമതയുള്ളതുമായ ഊർജ സംവിധാനങ്ങൾ വ്യാപകമാക്കണമെന്നും മന്ത്രി പറഞ്ഞു.

ശ്രീധർ രാധാകൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ അനർട്ട് സി ഇ ഒ  നരേന്ദ്രനാഥ് വേലൂരി, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ആർ ഹരികുമാർ, ഊർജ കാര്യക്ഷമതാ വിഭാഗം തലവൻ ജോൺസൺ ഡാനിയേൽ എന്നിവർ പ്രതിനിധികളുമായി സംവദിച്ചു.