സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി. മണ്ഡലകാല തീര്‍ഥാടനത്തിന് ശേഷം വ്യാഴാഴ്ച മണിക്കൂറുകളോളം പരിശ്രമിച്ചാണ് ട്രാക്ടറില്‍ അഞ്ച് ലോഡ് കരി നീക്കിയത്. നെയ്‌ത്തേങ്ങയില്‍ നിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയ ശേഷമുള്ള തേങ്ങാ മുറികളാണ് ഭക്തര്‍ ആഴിയിലെ ഹോമകുണ്ഡത്തില്‍ സമര്‍പ്പിക്കുന്നത്. ചതുരാകൃതിയിലുള്ള ആഴിയുടെ അടിവശത്ത് ചാരം നിറയാന്‍ ഇരുമ്പ് കമ്പികൊണ്ട് പ്രത്യേക അറ ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച പൈപ്പില്‍ നിന്നും വെള്ളം ചീറ്റി ചാരം വലിയ നടപന്തലിലെ ഓടയിലൂടെ ഒഴുക്കി കളയാറാണ് പതിവ്. ഇതിനായി ആഴിക്ക് പുറത്ത് പ്രത്യേക വാല്‍വുമുണ്ട്. ബാക്കി വരുന്ന ചിരട്ടക്കരിയാണ് കരാറെടുത്തവര്‍ ദേവസ്വം ബോര്‍ഡ് പൊതുമരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നീക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ നിരവധി തൊഴിലാളികളാണ് ഇതിനായി പരിശ്രമിച്ചത്.

ഡിസംബര്‍ 30 വൈകിട്ട് മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിക്കും. ഇതിന് ശേഷം മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന ഡിസംബര്‍ 19 വരെ അയ്യപ്പ ഭക്തര്‍ സമര്‍പ്പിക്കുന്ന തേങ്ങാ മുറികള്‍ ഏറ്റുവാങ്ങി മഹാ ആഴി എരിയും. ഓരോ മണ്ഡലകാലത്തിന് മുമ്പും പൊതുമരാമത്ത് വിഭാഗം ആഴിയുടെ അറ്റകുറ്റപ്പണി നടത്താറുണ്ട്.