അഞ്ചാം തിയതിയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ബഫര്‍ സോണ്‍ മേഖല നിര്‍ണ്ണയിക്കുന്നതിന് ഉപഗ്രഹ സര്‍വ്വെ നടത്തി നിര്‍ണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കുന്നതിന് ഫീല്‍ഡ് സര്‍വ്വെകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഫീല്‍ഡ് സര്‍വേയുടെ ആദ്യഘട്ട റിപ്പോര്‍ട്ട് അഞ്ചാം തിയതിയ്ക്കകം സമര്‍പ്പിക്കണം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വിളിച്ചു ചേര്‍ത്ത രണ്ടാംഘട്ട സര്‍വ്വകക്ഷി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഫീല്‍ഡ് സര്‍വെ നടത്തി തയ്യാറാക്കുന്ന മാപ്പായിരിക്കും ബഫര്‍ സോണിന് അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പരമാവധി ഒഴിവാക്കി സര്‍വെ നടത്തുന്നതിന്റെ പ്രായോഗികത പരിശോധിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം റവന്യു – പഞ്ചായത്ത് വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കും. റവന്യു വകുപ്പിന്റെ കൈയിലുള്ള സ്ഥലത്തിന്റെ രേഖകള്‍ സര്‍വെയില്‍ ഉപയോഗിക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ കക്ഷി രാഷ്ട്രീയമില്ല. ജില്ലയുടെ പൊതുപ്രശ്‌നമായാണ് സര്‍വകക്ഷി യോഗം ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.

സര്‍വകക്ഷി യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎം മണി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.പി. ദീപ, മനോജ് കെ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ സി.വി. വര്‍ഗീസ്, സലിംകുമാര്‍, സി.പി മാത്യു, പി. രാജന്‍, അനില്‍ കൂവപ്ലാക്കല്‍, ഷിജോ തടത്തില്‍, എം.ജെ. ജേക്കബ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ജില്ലാ മേധാവികള്‍, റവന്യു-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.