പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം ജനുവരി മുതല്‍ ഇടമലക്കുടിയില്‍ നിന്നു തന്നെയാകുമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അറിയിച്ചു. ഇടമലക്കുടി സന്ദര്‍ശിച്ചശേഷം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ തെളിവെടുപ്പ് യോഗത്തിലാണ് സമിതി അദ്ധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്.
2010 ല്‍ പഞ്ചായത്ത് രൂപീകരിച്ചെങ്കിലും ഗതാഗത യോഗ്യമായ റോഡിന്റെ അഭാവത്തില്‍ ഇടമലക്കുടിയില്‍ വികസനം കാര്യമായ രീതിയില്‍ ഉണ്ടായില്ല. ഫെബ്രുവരിയോടെ റോഡ് ഗതാഗത യോഗ്യമാക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഇടമലക്കുടിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. അടുക്കള, ഹാള്‍, ശുചിമുറി, സ്റ്റോര്‍ എന്നിവ കൂടി ഒരുക്കി ഇടമലക്കുടിയിലെ അങ്കണവാടികള്‍ മാതൃകാ അങ്കണവാടികളാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നോ കോര്‍പസ് ഫണ്ടില്‍ നിന്നോ ഇതിന് തുക കണ്ടെത്തണം. അങ്കണവാടികളില്‍ മതിയായ അളവില്‍ പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സി.ഡി.പി.ഒ ഉറപ്പു വരുത്തണം. പ്രായത്തിനനുസരിച്ച തൂക്കം കുട്ടികള്‍ക്കുണ്ടോയെന്ന് പരിശോധിക്കണം. ഗര്‍ഭിണികള്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുന്നുണ്ടോ എന്ന് അങ്കണവാടി പ്രവര്‍ത്തകര്‍ നിരീക്ഷിക്കണം. യുവതികള്‍ ഗര്‍ഭനിരോധന ഗുളികകള്‍ അമിതമായി കഴിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ബോധവല്‍ക്കരണ പ്രചാരണം സംഘടിപ്പിക്കണം. ആദിവാസികളുടെ ആചാര അനുഷ്ഠാനങ്ങള്‍ തടസ്സപ്പെടാതെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമമുണ്ടാകണം. ഇതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണമുണ്ടാകണമെന്നും സമിതി ചെയര്‍മാര്‍ ഒ.ആര്‍.കേളു എം.എല്‍.എ നിര്‍ദ്ദേശിച്ചു.

സൊസൈറ്റിക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് മൂന്നു ഡോക്ടര്‍മാരെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ( ഫോര്‍ വീല്‍ ഡ്രൈവ് ) പുതിയ ആംബുലൻസ് വാങ്ങാന്‍ സമിതി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇടമലക്കുടിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കണമെന്നാണ് സമിതി കണ്ടെത്തിയിട്ടുള്ളതെന്നും അദ്ധ്യക്ഷന്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന 15 പരാതികളും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഗോത്രസാരഥി പദ്ധതി പ്രകാരം ഫണ്ട് ലഭിക്കുന്നതില്‍ വരുന്ന കാലതാമസം സംബന്ധിച്ച പരാതി സമിതി പരിഗണിച്ചു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിനും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവക്കു പുറമെ ജില്ലാ പഞ്ചായത്തിന് കൂടി പദ്ധതി നടത്തിപ്പിനായി തുക വകയിരുത്താന്‍ കഴിയും വിധമുള്ള ഇടപെടലിന് ശുപാര്‍ശ ചെയ്യാനുള്ള നിര്‍ദ്ദേശം ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നു. ഇടമലക്കുടിയുടെ പൊതുവായ വികസന പ്രശ്നം സംബന്ധിച്ച പരാതിയും സമിതിക്ക് മുമ്പാകെ എത്തി. കുടിയില്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതില്‍ മുടക്കം വരുത്തരുതെന്നും സമിതി നിര്‍ദ്ദേശിച്ചു. പെരിഞ്ചാംകുട്ടിയിലെ ആദിവാസി കുടുംബങ്ങളുടെയും ചിന്നക്കനാലിലെ കുടുംബങ്ങളുടെ ഭൂ വിഷയങ്ങളും സമിതിക്ക് മുമ്പിലെത്തി. ചിന്നക്കനാലിലെ ഭൂവിഷയവും പട്ടയ പ്രശ്നങ്ങളും പ്രത്യേകമായി എടുത്ത് പരിശോധിച്ച് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പെരിഞ്ചാംകുട്ടിയില്‍ നിലവില്‍ നിലനില്‍ക്കുന്ന പ്രശ്നം ഒരു മാസത്തിനുള്ളില്‍ പരിഹരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സമിതി ആവശ്യപ്പെട്ടു.

സമിതിക്ക് മുമ്പാകെ എത്തിയ മറ്റ് പരാതികളിന്‍മേലും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരോട് സമിതി വിശദീകരണം തേടുകയും തുടര്‍ ഇടപെടലുകള്‍ക്ക് നിര്‍ദ്ദേശിക്കുകയോ തീര്‍പ്പ് കല്‍പ്പിക്കുകയോ ചെയ്തു. കഴിഞ്ഞ ദിവസത്തെ ഇടമലക്കുടി സന്ദര്‍ശനത്തില്‍ ലഭിച്ചതും മൂന്നാറിലെ അദാലത്തില്‍ ലഭിച്ച പരാതികളും അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. നിയമസഭാ സമിതി അദാലത്തില്‍ ഹാജരാകാതിരുന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് സമിതി ആവശ്യപ്പെട്ടു. സമിതിയുടെ നിര്‍ദ്ദേശങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് മെയ് മാസം ഇടമലക്കുടി സന്ദര്‍ശിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, അഡ്വ.എ.രാജ, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ ദിവസം സമിതി ചെയര്‍മാന്‍ ഒ ആര്‍ കേളു എം എല്‍ എ യുടെ നേതൃത്വത്തില്‍, അംഗങ്ങളായ പി പി സുമോദ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, അഡ്വ. എ രാജ എം എല്‍ എ എന്നിവര്‍ ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച സമിതി ഇടമലക്കുടി സന്ദര്‍ശിക്കുന്നത്. ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടിയില്‍ എത്തിയ സമിതിയംഗങ്ങള്‍ കോളനി നിവാസികളുമായി ആശയവിനിമയം നടത്തുകയും ജനപ്രതിനിധികളേയും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളേയും വിവിധ കുടികളിലെ ഊരുമൂപ്പന്‍മാരേയും ഉള്‍പ്പെടുത്തി വിശദമായ യോഗം ചേരുകയും ചെയ്തു. കോളനിയിലേക്കുള്ള യാത്ര ക്ലേശം സംബന്ധിച്ച വിഷമതകള്‍ കോളനി നിവാസികള്‍ സമിതിയംഗങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു.

നിലവില്‍ ഇടമലക്കുടിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. അപ്ഗ്രേഡ് ചെയ്യുന്ന മുറക്ക് മതിയായ സ്ഥല സൗകര്യം കണ്ടെത്തി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടി സ്വീകരിക്കുവാന്‍ സമിതി നിര്‍ദ്ദേശിച്ചു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സബ് സെന്ററുകള്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് ഉചിതമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സമിതി ആരോഗ്യവകുപ്പിനോട് ഇടമലക്കുടി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇടമലക്കുടിയും വട്ടവടയും മറയൂരുമടങ്ങുന്ന ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ ചികിത്സക്കായി പ്രധാനമായും കിലോമീറ്ററുകള്‍ ദൂരെയുള്ള അടിമാലി താലൂക്കാശുപത്രിയെ ആണ് ആശ്രയിക്കുന്നത്. അതിനാല്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകും വിധം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയൊരു ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിനോട് അന്വേഷിച്ചു.

പഞ്ചായത്തിലെ അഞ്ച് കുടികളില്‍ കൂടി വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാനും മറ്റുള്ള സ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കാനും വൈദ്യുതി ബോര്‍ഡിനോട് സമിതി നിര്‍ദ്ദേശിച്ചു. ഇടമലക്കുടിയില്‍ വിവിധ വകുപ്പുകള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയും വകുപ്പുദ്യോഗസ്ഥര്‍ സമിതിക്ക് മുമ്പാകെ വിശദീകരിച്ചു. ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗത്തിന്റെ സഹകരണം ഇടമലക്കുടിയുടെ പുരോഗതിക്ക് വേണ്ടി ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടെന്നും ആ പോരായ്മകള്‍ക്ക് പരിഹാരം കാണലാണ് നിയമസഭാ സമിതിയുടെ ഏറ്റവും സുപ്രധാന ശുപാര്‍ശയായി മാറാന്‍ പോകുന്നതെന്നും സന്ദര്‍ശനശേഷം സമിതിയംഗങ്ങള്‍ പറഞ്ഞു. പൊതുവെ എല്ലാ പ്രധാനപ്പെട്ട പ്രശ്നങ്ങളിലും സമിതിയുടെ നിര്‍ദ്ദേശം ഉണ്ടാകുമെന്നും വേഗം തന്നെ റിപ്പോര്‍ട്ട് സമിതി ചെയര്‍മാന്‍ നിയമസഭക്ക് നല്‍കുമെന്നും സമിതി വ്യക്തമാക്കി. സൊസൈറ്റിക്കുടിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.