ജില്ലയില്‍ അഞ്ചിടങ്ങളില്‍ ദുരന്തനിവാരണ മോക് ഡ്രില്‍
പതറാതെ ദുരന്ത മുന്നൊരുക്കങ്ങള്‍, കര്‍മ്മനിരതരായി വകുപ്പുകള്‍
രാവിലെ നെല്ലറച്ചാലില്‍ നിന്നും കളക്‌ട്രേറ്റ് ദുരന്തനിവാരണ കാര്യാലയത്തിലേക്ക് ആദ്യ വിളിയെത്തി. ഉരുള്‍പൊട്ടലിന്റെ ദുരന്തമുഖത്ത് നെല്ലറച്ചാല്‍. മണ്ണിടിച്ചില്‍ ഭീതിയിലാഴ്ന്ന് നിരവധി കുടുംബങ്ങളുടെ നിലവിളികള്‍. ആദ്യ വിളിക്ക് പിന്നാലെ മാനന്തവാടിയില്‍ നിന്നും വൈത്തിരിയില്‍ നിന്നുമെല്ലാം ദുരന്തഭീഷണിയുടെ പെരുമഴകള്‍. ജില്ലയിലെ മൂന്ന് ദിവസമായുള്ള തുടര്‍ച്ചയായ പെരുമഴയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നിലനില്‍ക്കെ എങ്ങും ദുരന്തസാധ്യതകള്‍ മാത്രം. മൂന്ന് താലൂക്കിലെ ഇന്‍സിഡന്റ് റെസ്‌പോണ്‍സബിള്‍ സിസ്റ്റത്തിലേക്ക് ദുരന്ത നിവാരണ മുന്നൊരുക്കത്തിനായി ഐ.ആര്‍.എസ്സില്‍ നിന്നും അടിയന്തര സന്ദേശം. ആരോഗ്യ പ്രവര്‍ത്തകരും രക്ഷാസേനയും ആംബുലന്‍സുമെല്ലാം ദുരന്തമുഖത്തേക്ക് കുതിച്ചു പാഞ്ഞു. നെല്ലറച്ചാലില്‍ മണ്ണിനടിയിലാഴ്ന്നുപോകുമായിരുന്ന ഏഴുപേരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വൈത്തിരി മണ്ടമലയിലും നിരവധി പേരെ രക്ഷിച്ചു. റാട്ടക്കൊല്ലിയില്‍ അഞ്ചുപേരെ ആശുപത്രിയിലും പതിനഞ്ച് പേരെ ക്യാമ്പിലേക്കും മാറ്റി. തിരുനെല്ലി ആക്കൊല്ലിക്കുന്നില്‍ മുപ്പത്തിരണ്ടോളം രക്ഷാപ്രവര്‍ത്തകരുടെ ഇടപടെലില്‍ വലിയ ദുരന്തം ഒഴിവായി.
ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതരായി എല്ലാ സംവിധാനങ്ങളും ഉണര്‍ന്നതോടെ ദുരന്തലഘൂകരണമെന്ന ദൗത്യം കൈപിടിയിലൊതുങ്ങി. പെരുമഴയിലും പ്രതിസന്ധിയിലും തെല്ലും തളരാതെ ജില്ലാ ദുരന്തനിവാരണവിഭാഗം ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ മോക്ക് ഡ്രില്ലിന് സമാപനം. ജില്ലയില്‍ ഒരേ സമയം വിവിധ കേന്ദ്രങ്ങളില്‍ നടന്ന മോക്ക് ഡ്രില്‍ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു. സംസ്ഥാനത്തെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഉരുള്‍പൊട്ടല്‍ സാധ്യത മുന്നൊരുക്കത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ നടന്നത്. ബത്തേരി താലൂക്കിലെ നെല്ലാറച്ചാല്‍, മാനന്തവാടി തച്ചറക്കൊല്ലി, ആക്കൊല്ലിക്കുന്ന് , വൈത്തിരി മണ്ടമലക്കുന്ന്, കല്‍പ്പറ്റയിലെ റാട്ടക്കൊല്ലി എന്നിവടങ്ങളാണ് മേക്ക് ഡ്രില്ലിനായി തിരഞ്ഞെടുത്തത്.
ഉരുള്‍പൊട്ടല്‍ ദുരന്തവും അതിനെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമാണ് മോക്ക് ഡ്രില്ലിലൂടെ വിലയിരുത്തിയത്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, വിവിധ വകുപ്പുകളുടെ ഏകോപനം, ആശയ വിനിമയ ഉപാധികളുടെ ക്യത്യമായ ഉപയോഗം, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവയാണ് മോക്ക് ഡ്രില്ലിലൂടെ വിലയിരുത്തിയത്. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അടിയന്തര കാര്യ നിര്‍വ്വഹണ കേന്ദ്രത്തില്‍ ദുരന്ത സാധ്യതാ വിവരം എത്തുന്നതോടെ ഇവിടെയുള്ള ഇന്‍സിഡന്റ് കമാന്‍ഡര്‍ ദുരന്ത മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. താലൂക്ക് തലത്തില്‍ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരായിട്ടുള്ള തഹസില്‍ദാര്‍മാര്‍ക്കും ഇവിടെ നിന്നും ഡെപ്യൂട്ടി ഇന്‍സിഡന്റല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതിന് താഴെ ഓപ്പറേഷന്‍ സെക്ഷന്‍ ചീഫ്, ലോജിസ്റ്റിക് സെക്ഷന്‍ ചീഫ്, പ്ലാനിങ്ങ് സെക്ഷന്‍ ചീഫ് , സേഫ്ടി ഓഫീസര്‍, മീഡിയാ ഓഫീസര്‍ , ലെയ്‌സണ്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിങ്ങനെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളിലേക്ക് തട്ടുകളായി വിന്യസിക്കുന്നു. ഓപ്പറേഷന്‍ സെക്ഷന്‍ വഴിയാണ് തന്ത്രപ്രധാനമായ ദുരന്ത നിവാരണ ദൗത്യ നിര്‍വ്വഹണം നടത്തുക. റെസ്‌പോണ്‍സ് ബ്രാഞ്ച്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സ്റ്റേജിങ്ങ് ഏരിയ എന്നിവയടങ്ങിയതാണ് ഈ സെക്ഷന്‍. ഇവരെയെല്ലാം സംയോജിപ്പിച്ചാണ് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.