സമഗ്ര ശിക്ഷ കേരളം കൊടകര ബിആർസിയുടെ നേതൃത്വത്തിൽ ‘നക്ഷത്രക്കൂടാരം’ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം. മറ്റത്തൂർ ജിഎൽപി സ്കൂളിൽ നടക്കുന്ന ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ നൈപുണ്യ വികസനമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്പെഷ്യൽ എഡ്യൂക്കേറ്റർ അവതരിപ്പിച്ച ഫ്ലാഷ്മോബിലൂടെയാണ് ക്യാമ്പിന് തുടക്കമായത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കരവിരുത്, കളിപ്പാട്ടം, പരിസ്ഥിതിയെ അറിയാൻ, അഭിനയകളരി തുടങ്ങിയ വിഷയങ്ങളിലായി വിവിധ പരിശീലനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊടകര ബിആർസി പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 50 പേർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി എല്ലാവർഷവും ഇത്തരം സഹവാസ ക്യാമ്പുകൾ ബിആർസിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്.

കൊടകര ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടകര ബിപിസി ഫേബ കെ ഡേവിഡ്, വാർഡ് മെമ്പർ ഷൈനി ബാബു, ഡയറ്റ് ഫാക്കൽറ്റി ഡോ.പി സി സിജി, അധ്യാപിക പ്രീതി, പിടിഎ പ്രസിഡന്റ് വിമൽ പി ആർ, എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ എന്നിവർ സംസാരിച്ചു.