പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ മോക് എക്‌സര്‍സൈസ് സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന മോക്ക് എക്‌സര്‍സൈസുകളുടെ ഭാഗമായാണ് ജില്ലയിലും മോക്ക് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്. അതിശക്തമായ മഴയുടെ ഫലമായുണ്ടായ വെള്ളപ്പൊക്കമായിരുന്നു മോക്ക് എക്‌സര്‍സൈസിന്റെ സാഹചര്യം. ജില്ലയില്‍ 5 കേന്ദ്രങ്ങളിലാണ് എക്‌സര്‍സൈസ് നടന്നത്. ഏറനാട് താലൂക്കില്‍ കാവനൂര്‍ പഞ്ചായത്തിലെ വാക്കലൂര്‍, പൊന്നാനി താലൂക്കില്‍ പൊന്നാനി കര്‍മ റോഡ്, നിലമ്പൂര്‍ താലൂക്കില്‍ മമ്പാട് തോണിക്കടവ്, കൊണ്ടോട്ടി താലൂക്കില്‍ വാഴക്കാട് എളമരം കടവ്, പെരിന്തല്‍മണ്ണ താലൂക്കില്‍ പുലാമന്തോള്‍ ഹൈസ്‌കൂള്‍ കടവ് എന്നിവിടങ്ങളിലായിരുന്നു എക്‌സര്‍സൈസ്.

എക്‌സര്‍സൈസ് നടന്ന താലൂക്കുകളുടെ ആസ്ഥാനങ്ങളില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കണ്‍ട്രോള്‍ റൂമുകളും പ്രത്യേകം റിലീഫ് ക്യാമ്പുകളും മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളും സജ്ജമാക്കിയിരുന്നു. ജില്ലാതല ഏകോപനത്തിനായി കളക്ടറേറ്റിലെ ജില്ലാ അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ (ഡി.ഇ.ഒ.സി) ജില്ലാ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചു. ഇവിടെ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് താലൂക്ക്തല പ്രവര്‍ത്തനങ്ങള്‍ നടന്നത്.എക്‌സര്‍സൈസ് വിലയിരുത്താനായി താലൂക്ക് തലങ്ങളിലും ജില്ലാതലത്തിലും ദേശീയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.റവന്യൂ, അഗ്‌നി രക്ഷാ സേന, പൊലീസ്, ആരോഗ്യം, ജലസേചനം, വൈദ്യുതി, വിവര പൊതുജന സമ്പര്‍ക്കം, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം, ജിയോളജി, മണ്ണു സംരക്ഷണം, ബി.എസ്.എന്‍.എല്‍, സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു എക്‌സര്‍സൈസ്. അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, വെള്ളം കയറുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരെ വീടുകളില്‍ നിന്ന് മാറ്റേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍, കണ്‍ട്രോള്‍ റൂം സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എക്‌സര്‍സൈസില്‍ വിലയിരുത്തി.

ദേശീയ ദുരന്ത നിവാരണ സേന (നാലാം ബറ്റാലിയന്‍) എസ്.ഐ ഗജേന്ദ്ര ചൗധരിയായിരുന്നു ജില്ലാതല നിരീക്ഷകന്‍. കളക്ടറേറ്റില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) ഡോ. എം.സി റെജില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, എ.ഡി.സി ജനറല്‍ പി. ബൈജു, ആര്‍.ടി.ഒ സി.വി.എം ഷെരീഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രേണുക, പഞ്ചായത്ത് ഉപ ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, ഡിവൈ.എസ്.പി (നാര്‍കോട്ടിക്‌സ്) സി. ബിനുകുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എം. രാജേന്ദ്രനാഥ്, ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ആര്‍.പി സുബ്രഹ്മണ്യന്‍. അസി. ജിയോളജിസ്റ്റ് പി.വി ഹജീഷ് എന്നിവരും പങ്കെടുത്തു.