പൊന്നാനിയില്‍ പ്രളയത്തില്‍ അകപ്പെട്ടവരെ മിനിറ്റുകള്‍ക്കകം രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും പൊലീസും സന്നദ്ധ സേനാ വളന്റിയര്‍മാരും സംയുക്തമായാണ് വെള്ളം കയറിയ കര്‍മ്മ പുഴയോട് ചേര്‍ന്ന പത്ത് വീടുകളിലെ താമസക്കാരെ മിനിറ്റുകള്‍ക്കകം മാറ്റിപ്പാര്‍പ്പിച്ചത്. എ.വി. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും ചിലരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. പൊന്നാനി താലൂക്കിലെ പ്രളയ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതിനായി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മോക് ഡ്രില്ലിന്റെ ഭാഗമായിരുന്നു നടപടികള്‍.

പൊന്നാനി താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപനം കലക്ടറേറ്റില്‍ നിന്നും അറിയിച്ചതോടെയായിരുന്നു മോക് ഡ്രില്‍ തുടങ്ങിയത്.തുടര്‍ന്ന് ഇന്‍സിഡന്റ് കമാന്ററുടെ ചുമതലയുള്ള തഹസില്‍ദാര്‍ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കി. അറിയിപ്പ് നല്‍കിയതോടെ റവന്യു, പൊലീസ്, അഗ്‌നിരക്ഷാ സേന, മോട്ടര്‍ വാഹനവകുപ്പ്, ആരോഗ്യ വകുപ്പ്,നഗരസഭ എന്നിവയുടെ സംഘം പൊന്നാനി കര്‍മ്മാ റോഡിലേക്ക് കുതിച്ചു.റോഡില്‍ തലങ്ങും വിലങ്ങും ആംബുലന്‍സുകളും ഫയര്‍ ഫോസ് വാഹനങ്ങളും പൊലീസ് ജീപ്പുകളും പാഞ്ഞു. തുടര്‍ന്ന്താലൂക്കിലും പ്രളയം നടന്ന കര്‍മ്മ പാതയിലും അതിവേഗത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രളയ സാധ്യതാ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കും തുടക്കമായി.ഇതിനിടെ ക്രമാതീതമായി പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട പത്തോളം പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ ക്യാമ്പിലേക്കും സാരമായ പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

രണ്ടു മണിക്കൂറിനുള്ളില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.റവന്യൂ വിഭാഗം, അഗ്നി രക്ഷാ സേന, പൊലീസ് സേന, ആരോഗ്യം വകപ്പ്, ജലസേചന വകുപ്പ്, കെ.എസ്.ഇബി, വിവര പൊതുജന സമ്പര്‍ക്കം, മോട്ടോര്‍ വാഹനം വകപ്പ്, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം താലൂക്കില്‍ തഹസില്‍ദാറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. താലൂക്ക് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ രാധ, പൊന്നാനി തഹസില്‍ദാര്‍ കെ.ഷാജി, റവന്യൂ വിഭാഗം ഡെപ്യൂട്ടി തഹസല്‍ദാര്‍ സുരേഷ്, കണ്ണൂര്‍ ഡി.എസ്.സി ഉദ്യോഗസ്ഥന്‍ വിക്രം സിങ്, ബി.ഡി.ഒ രാജീവ്, പരിപാടിയുടെ നിരീക്ഷകനായെത്തിയ താലൂക്ക് ഫയര്‍ ഓഫിസര്‍ എ എം. ഫാഹിദ്, മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശങ്കരന്‍ പിളള,പൊന്നാനി എസ്.എച്ച്. ഒ വിനോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാജ് കുമാര്‍ തുടങ്ങിയവര്‍ നടപടികള്‍ ഏകോപിപ്പിച്ചു.