സഹവാസ ക്യാമ്പുകള്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉപകരിക്കുമെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായുള്ള ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ ഉപജില്ലാ പരിധിയിലെ പ്രത്യേക പരിഗണന വേണ്ട 30 കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കാളികളായി. കല, സംഗീതം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലയില്‍ പ്രത്യേക പരിശീലനം ക്യാമ്പില്‍ നല്‍കുന്നുണ്ട്.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. ദിവ്യ റെജി മുഹമ്മദ്, മഹേഷ്‌കുമാര്‍, എം. ശ്രീജ, റ്റി. സൗദാമിനി, അടൂര്‍ ബിപിസി ബിജു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രത്യേക പരിഗണന നല്‍കണ്ട കുട്ടികളുടെ കളികളും കഥപറച്ചിലും പ്രവൃത്തിപരിചയവുമായി ക്യാമ്പ് രണ്ട് ദിവസങ്ങളിലാണ് നടക്കുന്നത്. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ  പ്രവര്‍ത്തനങ്ങളിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സര്‍ഗശേഷികള്‍ വികസിപ്പിക്കുയാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.