ദ്രുതഗതിയിൽ വിവരങ്ങൾ കൈമാറാൻ ഹാം സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ച് ചാലക്കുടിയിലെ മോക്ക് ഡ്രിൽ. ആറാട്ട് കടവിൽ നടന്ന പ്രളയ ബാധിത മോക്ക് ഡ്രില്ലിലാണ് വിവരങ്ങൾ ദ്രുതഗതിയിൽ കൈമാറുന്നതിന് ഹാംസ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. റവന്യു റേഡിയോ വയർലെസ് സംവിധാനവുമായി സംയോജിച്ചാണ് ഹാം ഉപയോഗിച്ച് ആശയവിനിമയം നടത്തിയത്. പൊരിങ്ങൽകുത്ത്, ഷോളയാർ, ചാലക്കുടി താലൂക്ക് ഓഫീസ്, കലക്ടറേറ്റിലെ ഡിസാസ്റ്റർ കൺട്രോൾ റൂം, ജില്ലയിലെ മറ്റു താലൂക്കുകൾ എന്നിവിടങ്ങളിലേക്ക് വളരെ പെട്ടന്ന് തന്നെ ആശയ വിനിമയം നടത്താൻ കഴിഞ്ഞതും ഹാംസ് ഉപയോഗിച്ചത് കൊണ്ടാണ്.
പ്രളയം പോലുള്ള ദുരന്ത സാഹചര്യങ്ങളിൽ ആശയ വിനിമയം നഷ്ടപ്പെടില്ല എന്നതാണ് ഹാംമിൻ്റെ പ്രത്യേകത. കൃത്യതയാർന്ന വിവരങ്ങൾ വളരെ വേഗം തന്നെ എത്ര ദൂരത്തിൽ വേണമെങ്കിലും നൽകാൻ കഴിയും എന്നതും ഹാംമിൻ്റെ പ്രത്യേകതയാണ്. ആൻ്റിന ഉപയോഗിച്ചാണ് പ്രവർത്തനം.29 പേരാണ് മോക്ക് ഡ്രില്ലിൽ ഹാമിൻ്റെ പ്രവർത്തനം ഏകോപിപ്പിച്ചത്.