പ്രളയ സാഹചര്യങ്ങളെ നേരിടാന്‍ നിലമ്പൂരില്‍ മോക്ക് ഡ്രില്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ വെള്ളപ്പൊക്ക ഭീഷണി. നിലമ്പൂര്‍ താലൂക്കിലെ ചാലിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെന്ന മുന്നറിയിപ്പാണ് മോക് ഡ്രില്ലിന്റെ ഭാഗമായി നല്‍കിയത്. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ മമ്പാട് തോണിക്കടവില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി. അപകടത്തില്‍ സാരമായ പരിക്കേറ്റ ഒരാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രക്ഷിക്കുന്നതിനിടെ അഗ്‌നി രക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റാതായാണ് അറിയിപ്പ് വന്നത്. പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മോക് ഡ്രില്ലിന്റെ ഭാഗമായാണ് പ്രളയ സമാനമായ സാഹചര്യം നിലമ്പൂര്‍ താലൂക്കില്‍ ഒരുക്കിയത്.
നിലമ്പൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. രാവിലെ 9.20ന് കലക്ടറേറ്റില്‍ നിന്നും റെഡ് അലര്‍ട്ട് സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ ഇന്‍സിഡന്റ് കമാന്ററുടെ ചുമതലയുള്ള തഹസില്‍ദാര്‍ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കി. നിലമ്പൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട ചാലിയാറില്‍ വെള്ളം ഉയര്‍ന്നതായാണ് ആദ്യ വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പുള്ളിപ്പാടം വില്ലേജ് ഓഫീസറോട് ആവശ്യമായവരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ജലത്തിന്റെ അളവ് അപകടരമായ നിലയില്‍ ഉയരുകയും വെള്ളം കയറുകയും ചെയ്ത സാഹചര്യത്തില്‍ താലൂക്കിലെ പുള്ളിപ്പാടം വില്ലേജ് പരിധിലുള്ള ആളുകളെ പരതമ്മല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പില്‍ ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങ് സേവനവും ഒരുക്കിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍, കണ്‍ട്രോള്‍ റൂം സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് മോക്ക് ഡ്രില്ലില്‍ വിലയിരുത്തുന്നത്.
റവന്യൂ, അഗ്നി രക്ഷാ സേന, പൊലീസ്, ആരോഗ്യം, ജലസേചനം, കെ.എസ്.ഇബി, വിവര പൊതുജന സമ്പര്‍ക്കം, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകള്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു. കേന്ദ്ര നിരീക്ഷകന്‍ പങ്കജ് ബറുവ, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, തഹസില്‍ദാര്‍മാരായ എം.പി സിന്ധു, എ. ജയശ്രീ, വില്ലേജ് ഓഫീസര്‍മാരായ സുനില്‍രാജന്‍, ജെ.ബി ബിനു, അബ്ദുല്‍ ഗഫൂര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.എം സിദ്ദീഖ്, മോഹന കൃഷ്ണന്‍, കെ.പി പ്രമോദ്, ശ്രീതാകുമാരി, ബാബുരാജന്‍, അയ്യപ്പന്‍ കുനിയങ്കോടന്‍, പി.ഷാനി, ഡി.വൈ.എസ്.പി സാജു കെ. അബ്രഹാം, എം.വി.ഐ മനുരാജ്, അഗ്‌നി രക്ഷാസേന എസ്.എച്ച്.ഒ ഉമ്മര്‍ പട്ടില്‍തൊടിക, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് അബൂബക്കര്‍, ബി.ഡി.ഒ സന്തോഷ് തുടങ്ങിയവര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ ഏകോപിപ്പിച്ചു.