പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കാവനൂര്‍ മൂഴിപ്പാടത്ത് മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍, ക്യാമ്പ് നടത്തിപ്പ് എന്നിവ മനസിലാക്കി കൊടുക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം സുസജ്ജമാണോ എന്ന് വിലയിരുത്തുന്നതിനായിരുന്നു മോക്ക് ഡ്രില്‍. ദുരന്തം നേരിടാന്‍ സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും.

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജില്ലാ കലക്‌റേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും എല്ലാ താലൂക്കുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ (ഡിസംബര്‍ 29) രാവിലെ ഒന്‍പതിന് വെള്ളപ്പൊക്ക സാധ്യത മുന്നില്‍കണ്ട് ഏറനാട് താലൂക്ക് ഓഫീസിലേക്ക് അറിയിപ്പ് വന്നു. ഉടന്‍ തഹസില്‍ദാര്‍ വി.ചന്ദ്രന്റെ അധ്യക്ഷതയില്‍ താലൂക്ക് ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.രാവിലെ 10.15 ഓടെ പൊലീസ് പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് കെ.എസ്.ഇ.ബി, സ്ഥലത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. 10.15 ന് പ്രദേശം ഒഴിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി. ഫയര്‍ ഫോഴ്സ്, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്. മൂഴിപ്പാടം എ.എം.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 12 പുരുഷന്മാരും 10 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ 30 പേരെയാണ് ക്യാമ്പില്‍ പാര്‍പ്പിച്ചത്.

മോക്ക് ഡ്രില്‍ പ്രവര്‍ത്തങ്ങള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ലതയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നു. മോക്ക് ഡ്രില്‍ നിരീക്ഷകന്‍ സുബേദാര്‍ മേജര്‍ രാജ്കുമാര്‍, തഹസില്‍ദാര്‍ വി.ചന്ദ്രന്‍, അരീക്കോട് ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ എം.ഹസന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് അലിഗര്‍ ബാബു, ഫയര്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.