* തൊഴിലുറപ്പ് പദ്ധതിയില്‍ 13,92,767 തൊഴില്‍ ദിനങ്ങള്‍ നല്‍കി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് & മോണിറ്ററിംഗ് കമ്മിറ്റി(ദിഷാ) യോഗമാണ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തിയത്.

2022 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് നടത്തിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന, ദേശീയ നഗര/ഗ്രാമ ഉപജീവനദൗത്യം, ജലജീവന്‍മിഷന്‍, ശുചിത്വമിഷന്‍, സംയോജിത ശിശുവികസന പരിപാടി, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ സാമൂഹ്യസഹായ പദ്ധതി, പ്രധാന മന്ത്രി ഫസല്‍ ബീമായോജന, രാഷ്ട്രീയ കൃഷി വികാസ് യോജന, പ്രധാന മന്ത്രി ഉജ്വല്‍ യോജന, പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന, പ്രധാന മന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 2022 -23 സാമ്പത്തികവര്‍ഷം സെപ്റ്റംബര്‍ 30 വരെ 13,92,767 തൊഴില്‍ ദിനങ്ങള്‍ നല്‍കി. ലേബര്‍ ബജറ്റിന്റെ 106 ശതമാനം പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് ശരാശരി 47 തൊഴില്‍ ദിനങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ജലജീവന്‍ മിഷന്‍ വഴി 7,582 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കി. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായ പോഷണ്‍ അഭിയാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ജില്ലയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പനി സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും  സ്വയം ചികിത്സയുടെ ഭാഗമായും മറ്റുമുള്ള ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ ആരോഗ്യ ദൗത്യം പ്രതിനിധിയോട് എംപി നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എംപി ഭക്ഷ്യവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം കൂടുതല്‍ റോഡുകള്‍ ഏറ്റെടുക്കുന്നതിന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും, സമയബന്ധിതമായി റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് ജലജീവന്‍ മിഷന്റെ പ്രവര്‍ത്തികള്‍ തടസമാകരുതെന്നും എംപി നിര്‍ദേശിച്ചു.

വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംയോജിത പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം ജില്ലാ ഭരണകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരം നടത്തുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി നിര്‍ദേശിച്ചു.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രതിനിധി ആര്‍. തുളസീധരന്‍ പിള്ള,  പിഎയു പ്രോജക്ട് ഡയറക്ടറും ദിഷാ കണ്‍വീനറുമായ കെ.ജി. അനില്‍,  എംപിയുടെ പ്രതിനിധി റ്റി.കെ. സജു, വിവിധ വകുപ്പുകളുടെ ജില്ലാ മോധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.