പ്രതീകാത്മകമായി നടത്തിയ ഒരുക്കങ്ങൾ നാട്ടുകാരിൽ ചിലർക്ക് കൗതുകമായി
ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രളയ തയ്യാറെടുപ്പിൻറെ ഭാഗമായി ജില്ലയിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കടക്കരപ്പള്ളി, വെൺമണി, ചെറുതന, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ പ്രളയത്തിൽ അകപ്പെട്ട ആളുകളെ മാറ്റി പാർപ്പിക്കുന്നതും ആലപ്പുഴ നഗരസഭയിലെ ജനറൽ ആശുപത്രിയിലെ വൈദ്യുതി തകരാറിനെ തുടർന്ന് രോഗികളെ മാറ്റുന്നതും വൈദ്യുതി പുന:സ്ഥാപിക്കുന്നതുമായിരുന്നു മോക് ഡ്രിൽ.
ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ദുരന്തനിവാരണ കൺട്രോൾ റൂം പ്രവർത്തിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ദുരന്തനിവാരണ സമിതി അംഗങ്ങൾ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ദുരന്ത മുന്നറിപ്പ് ലഭിച്ച ഉടനെ ജില്ലയിലേയും താലൂക്കുകളിലേയും ഇൻസിഡൻറ് റെസ്‌പോൺസ് സംവിധാനവും എമർജൻസി ഓപ്പറേഷൻ സെൻററുകളും പ്രവർത്തന ക്ഷമമായി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തന സംവിധാനം ഊർജ്ജിതമാക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് ശേഷം ക്യാമ്പുകളായി നിശ്ചയിച്ച സ്ഥലത്തേക്ക് പ്രദേശവാസികളെ മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾ കൃത്യതയോടെ നടന്നു.
കേന്ദ്രസേനകളായ ഐ.ടി.ബി.പി., എൻ ഡി.ആർ.എഫ്. എന്നീ വിഭാഗങ്ങളിൽ നിന്ന് പ്രത്യേക നിരീക്ഷകർ പരിപാടി വിലയിരുത്തി. പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, പ്ലാനിംഗ്, തദ്ദേശസ്വയംഭരണം, ജലസേചനം, ഭക്ഷ്യവിതരണം, മൃഗസംരക്ഷണം, കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി., ഇറിഗേഷൻ, ഫയർഫോഴ്‌സിൻറെ കീഴിലുള്ള സിവിൽഡിഫൻസ് തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രിൽ ഏകോപനത്തിൽ പങ്കാളികളായി. രാവിലെ 9മണിയോടെയാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. കളക്ട്രേറ്റിൽ എമർജൻസി ഓപ്പറേഷൻ സെന്റർ, വിവിധ സ്ഥലങ്ങളുമായി സംവദിക്കാനുള്ള ടെലികമ്മ്യൂണിക്കേഷൻ സെന്റർ എന്നിവ തയ്യാറാക്കിയിരുന്നു.
ചേർത്തല താലൂക്ക്
ചേർത്തല തങ്കിപ്പള്ളിക്ക് പടിഞ്ഞാറുവശമുള്ള ബണ്ട് പാലത്തിൽ നിന്നും ഒരാൾ വെള്ളത്തിൽ വീണെന്ന സന്ദേശം ലഭിച്ചതോടെയാണ് ചേർത്തല താലൂക്കിലെ മോക്ക് ഡ്രില്ലിന് തുടക്കമായത്. ഉടൻ തന്നെ റെസ്പോൺസിബിൾ ഓഫീസറായ ആർ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. ശ്രീലത, ഇൻസിഡന്റ് കമാൻഡർ ചേർത്തല തഹസിൽദാർ കെ.ആർ മനോജ്, ഡെപ്യൂട്ടി ഇൻസിഡൻസ് കമാൻഡർ കഞ്ഞിക്കുഴി ബി.ഡി.ഒ മിനി പോൾ തുടങ്ങിയവരുടെ സംഘം ആംബുലൻസ്, ഫയർ ഫോഴ്‌സ് അടക്കമുള്ള സന്നാഹങ്ങളെ അറിയിച്ച ശേഷം സ്ഥലത്തേക്ക് തിരിച്ചു. വെള്ളത്തിൽ വീണ ആളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷിച്ച് തങ്കി സെന്റ് ജോർജ് സ്‌കൂളിൽ സജ്ജീകരിച്ച ക്യാമ്പിലേക്ക് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ക്യാമ്പ് സ്ഥിതി ചെയ്യുന്ന തങ്കി സെന്റ് ജോർജ് സ്‌കൂളിന് സമീപം കടപുഴകി വീണ മരം ഫയർഫോഴ്സെത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഫ്ലഡ് മോക്ക് എക്സസൈസിന്റെ ഭാഗമായി തങ്കി സെന്റ് ജോർജ് സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കുട്ടികൾക്കായി ബോധവത്ക്കരണ ക്യാമ്പും സംഘടിപ്പിച്ചു.
അമ്പലപ്പുഴ താലൂക്ക്
രാവിലെ 9.20 ഓടെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൊട്ടാരം ബിൽഡിംഗിൽ വൈദ്യുതി തടസം ഉണ്ടായതായി വിവരം ലഭിച്ചതോടെയാണ് അമ്പലപ്പുഴ താലൂക്കിലെ മോക്ക് ഡ്രില്ലിന് തുടക്കമായത്. ഉടൻ തന്നെ അഗ്‌നിരക്ഷാ സേന അടക്കമുള്ളവരെ വിവരം അറിയിച്ചു. അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുകയും പരിക്കേറ്റവരെ ആംബുലൻസിൽ ജനറൽ ആശുപത്രില്ലേക്ക് മാറ്റുകയും ചെയ്തു.
എ.ഡി.എം. എസ്. സന്തോഷ്‌കുമാർ, അമ്പലപ്പുഴ തഹസിൽദാർ വി.സി. ജയ എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി. ജില്ല ഫയർ ഓഫീസർ എൻ. രാംകുമാർ, സ്റ്റേഷൻ ഓഫീസർ പി.ബി. വേണുക്കുട്ടൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൈജു പണിക്കർ, ബി.ഡി.ഒ. ഹമീദ് കുട്ടി ആശാൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ജി. സന്തോഷ്, ടി.പി ശ്രീവീദ്യ, അഗ്‌നിരക്ഷ സേനാംഗങ്ങൾ, ഡോ. ജി. വേണുഗോപാൽ, ഡോ. കെ.ആർ. രാജൻ, അഗ്‌നിരക്ഷാസേനയ്ക്ക് കീഴിലുള്ള ആപത് മിത്ര, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി. സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതികരണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്.
ചെങ്ങന്നൂർ താലൂക്ക്
വെൺമണി പഞ്ചായത്തിലെ പുലക്കടവ്, വരമ്പൂർ ഭാഗത്തേക്ക് കിഴക്കൻ വെള്ളം ഇരച്ചെത്തുന്നെന്നും ജലനിരപ്പ് ഉയരുന്നു എന്നുമുള്ള വിവരം ലഭിച്ചതോടെയാണ് ചെങ്ങന്നൂർ താലൂക്കിലെ മോക്ക് ഡ്രില്ലിന് തുടക്കമായത്. ഉടൻ തന്നെ ഇവിടെ നിന്നും ആളുകളെ വാഹനങ്ങളിൽ കയറ്റി എം.ടി.എച്.എസ്. സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.പ്രായമായവർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവരടക്കം 29 കുടുംബങ്ങളിലെ 133 പേരെയാണ് സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയത്. കോവിഡ് ബാധിതർക്കായി ക്യാമ്പിൽ പ്രത്യേക ഐസോലേഷൻ സംവിധാനവും ഒരുക്കിയിരുന്നു. പനിയുടെ ലക്ഷണങ്ങൾ കാണിച്ചവരെയെല്ലാം കോവിഡ് പരിശോധന നടത്തിയാണ് ക്യാമ്പിൽ പാർപ്പിച്ചത്. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്. ചെങ്ങന്നൂർ ആർ.ഡി.ഒ എസ്.സുമ, തഹസിൽദാർ എം.ബിജുകുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
മാവേലിക്കര താലൂക്ക്
രാവിലെ 9.20 ഓടെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ കീഴ്‌ച്ചേരിക്കടവിൽ പ്രളയ ജലം കുത്തിയൊലിച്ചു വരുന്നെന്ന മുന്നറിയിപ്പ് സന്ദേശത്തോടെയാണ് മാവേലിക്കര താലൂക്കിലെ മോക്ക് ഡ്രില്ലിന് തുടക്കമായത്. ഉടൻ തന്നെ തഹസിൽദാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിച്ച് കൺട്രോൾ റൂം ആരംഭിച്ചു. പിന്നാലെ ഫയർ ഫോഴ്സ്, ആംബുലൻസ് വാഹനങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. ഫയർ ഫോഴ്‌സിന്റെ ഡിങ്കി അടക്കമുള്ളവ ഉപയോഗിച്ച് പുഴയിലൂടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒഴിഞ്ഞ പ്രദേശത്തു നിന്നും ഒരു വളർത്തു നായയെയും വെള്ളത്തിൽ വീണ ഒരു ചെറുപ്പക്കാരനെയും രക്ഷിച്ചു. പ്രദേശവാസികളെ ആംബുലൻസുകളിലും കെ.എസ്.ആർ.ടി.സി. ബസിലുമായി ആഞ്ഞിലിപ്ര ഗവൺമെന്റ് യു.പി സ്‌കൂളിലേക്ക് മാറ്റി. വെള്ളത്തിൽ വീണു പരിക്ക് പറ്റിയ രോഗിയെ ക്യാമ്പിലെ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ചെട്ടികുളങ്ങര കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 30 കുടുംബത്തിലെ 26 കുട്ടികളുൾപ്പടെ 118 ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്.
പ്രതീകാത്മകമായി നടത്തി പരിപാടി നാട്ടുകാരിൽ ചിലർക്കെങ്കിലും അത്ഭുതമായി. ഇൻസിഡന്റ് കമാൻഡറായ മാവേലിക്കര തഹസിൽദാർ ഡി.സി. ദിലീപ് കുമാർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുധാകര കുറുപ്പ്, ഡെപ്യൂട്ടി തഹസീൽദാർമാരായ ജി. അനിൽ കുമാർ, ജി. ബിനു, വില്ലേജ് ഓഫിസർ ബിജു ഗോപാൽ, ഫയർ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ജി അനിൽ കുമാർ, ഡോ. ശരണ്യ, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
കാർത്തികപ്പള്ളി താലൂക്ക്
ചെറുതന ഗ്രാമപഞ്ചായത്തിലെ പാണ്ടി, ചെറുതന വടക്ക് എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി ജലനിരപ്പ് ക്രമീതതമായി ഉയരുന്നു എന്ന വിവരം വന്നതോടെയാണ് കാർത്തികപ്പള്ളി താലൂക്കിലെ മോക്ക് ഡ്രില്ലിന് തുടക്കമായത്. 9.20 ഓടെയാണ് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ ഇൻസിഡന്റ് കമാന്ററായ കാർത്തികപ്പള്ളി തഹസിൽദാർ പി.എ. സജീവ്കുമാറിന്റെ നിർദേശത്തെ തുടർന്ന് രക്ഷാ പ്രവർത്തനത്തിനാവശ്യമായ സംഘം ചെറുതനയിലേക്ക് പുറപ്പെട്ടു. ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ എന്നിവർ ഉൾപ്പടെ 115 പേരെയാണ് ആയാപറമ്പിലെ ദുരിതാശ്വാസ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഐ.റ്റി.ബി.പി., ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് അടക്കമുള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ദുരന്ത മുഖത്ത് നിന്നും ആളുകളെ മാറ്റുന്നതിനായി ആംബുലൻസുകളും കെ.എസ്.ആർ.ടി.സി. ബസും സജ്ജമാക്കിയിരുന്നു. വിദഗ്ദ ചികിത്സ വേണ്ടിവന്നാൽ ഉറപ്പാക്കുന്നതിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, ഡെപ്യൂട്ടി തഹസിൽദാർമാരായ പ്രീത റാണി, അമോദ് എം. ദാസ്, കെ. ഷിബു, തുടങ്ങിയവർ മോക് ഡ്രില്ലിന് നേതൃത്വം നൽകി.