കൃത്യമായ ഏകോപനത്തിലൂടെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസറും എ ഐ ജിയുമായ വി എസ് അജി പറഞ്ഞു. കൊവിഡിന് ശേഷമുള്ള തീര്‍ഥാടന കാലമായതിനാല്‍ മകരവിളക്ക് മഹോത്സവത്തിന് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഒരു മിനുട്ടില്‍ ശരാശരി 75 മുതല്‍ 80 പേരെ വരെ പതിനെട്ടാംപടി കയറ്റിവിടും. തിരക്ക് വര്‍ധിക്കുമ്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അയ്യപ്പന്‍മാര്‍ക്ക് മികച്ച രീതിയില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കും. പരമാവധി എല്ലാവരും വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിന് ഭക്തര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.