വൈപ്പിൻ – പള്ളിപ്പുറം പാരലൽ റോഡിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓഡിനേഷൻ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു.

ആലുവ – മൂന്നാർ റോഡിൽ കൊച്ചിൻ ബാങ്ക് മുതൽ മെഡിക്കൽ കോളേജ് റോഡിലെ മണലിമുക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് ജല അതോറിറ്റിക്ക് വേണ്ട സൗകര്യം ഒരുക്കാൻ കിൻഫ്രയോട് നിർദ്ദേശിച്ചു. യു.സി. കോളേജ് – എടയാർ റോഡ്, തട്ടാംപടി പുറപ്പള്ളിക്കാവ് – റോഡ് എന്നിവിടങ്ങളിൽ ജൽജീവൻ മിഷന് വേണ്ടി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. തീരസംരക്ഷണ നിയമവുമായി (സി.ആർ.ഇസഡ്) ബന്ധപ്പെട്ട് തടസം നേരിടുന്ന പൊതുമരാമത്ത് പ്രവർത്തനങ്ങൾ ജില്ലാതല സി.ആർ.ഇസഡ് സമിതി യോഗത്തിൽ ചർച്ച ചെയ്യും. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സർക്കാർ അംഗീകൃത ഏജൻസികളുടെ സഹായം തേടാൻ ശ്രമിക്കണം. ഡി.ഐ.സി.സി യോഗത്തിൽ അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പു വരുത്തണമെന്നും എ.ഡി.എം നിർദ്ദേശം നൽകി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി.ബി സുനിലാൽ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എസ് സുജാറാണി, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.വി അനുരൂപ തുടങ്ങിയവർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.