കൊടകര പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തിലെ 45 കുടുംബങ്ങൾക്കാണ് ടാങ്കുകൾ വിതരണം ചെയ്യുന്നത്. ആദ്യഗഡുവായി 12 കുടുംബങ്ങൾക്കുളള വിതരണമാണ് നടന്നത്.

2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,60,000 രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. കേന്ദ്രസർക്കാരിൻറെ ജെം ( GeM) പോർട്ടൽ വഴി വാങ്ങിയ 500 ലിറ്റർ ശേഷിയുളള ടാങ്കുകളാണ് വിതരണം ചെയ്യുന്നത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്വപ്ന സത്യൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉഷ പി. ആർ, വാർഡ് മെമ്പർമാരായ പ്രനില ഗിരീശൻ, സി. ഡി. സിബി, ഗോപാലൻ എം. എം, സജിനി സന്തോഷ് എന്നിവർ പങ്കെടുത്തു.