പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എംജി റോഡ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. നാലാം വാർഡ് എംജി റോഡ് പരിസരത്ത് 72 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ള പദ്ധതിക്കായി അഞ്ച് മീറ്റർ വ്യാസമുള്ള കിണറും 25,000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കും 2 കിലോമീറ്റർ നീളത്തിൽ പൈപ്പ്ലൈനുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 150 പൊതു ടാപ്പുകളിലൂടെ 300 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ശിലാസ്ഥാപനം പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീന നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ, വ്യവസായി തടാകം കുഞ്ഞുമുഹമ്മദ് ഹാജി, സ്ഥിരം സമിതി അധ്യക്ഷനായ കെഎ വിശ്വനാഥൻ മാസ്റ്റർ, എകെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംകെ അറാഫത്ത്, സി അഷറഫ്, സുഹറ ബക്കർ, അസീസ് മന്ദലംകുന്ന്, ഷൈബ ദിനേശൻ, ശരീഫ കബീർ തുടങ്ങിയവർ പങ്കെടുത്തു. ഏഴാം വാർഡിലെ കുടിവെള്ള പദ്ധതിക്കായുള്ള നിർമ്മാണ പ്രവർത്തികൾക്കും തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ സി ബാലകൃഷ്ണൻ, ഷെരീഫ കബീർ തുടങ്ങിയവർ പങ്കെടുത്തു.