പുതുവത്സരത്തിന്റെ പൊൻപുലരിയിൽ മുതിർന്നവർക്കായി സ്നേഹ സംഗമം ചേർന്നു. സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കായുള്ള “നക്ഷത്രസംഗമം 2022”- ആണ് സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചം പകർന്നത്. മുതിർന്ന പൗരന്മാർക്കായി നടത്തിയ ക്രിസ്മസ് – പുതുവത്സരാഘോഷം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചാണ് മന്ത്രി  പുതുവത്സര ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തത്.

പഴയകാല ക്രിസ്മസ് – പുതുവത്സര ഓർമ്മകളിൽ തങ്ങളുടെ പ്രിയപ്പെട്ട മന്ത്രിക്കും വേദിയിലെ അതിഥികൾക്കും പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് – പുതുവത്സര ആശംസാകാർഡുകൾ മുതിർന്നവർ സ്നേഹത്തോടെ നൽകി. മന്ത്രിയും അതിഥികളും തിരിച്ചും ആശംസാ കാർഡുകൾ കൈമാറി സ്നേഹം പങ്കിട്ടു. നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത പരിപാടിയിൽ മുതിർന്നവർക്കായി സമ്മാനങ്ങളും ഡയപ്പറുകളും വിതരണം ചെയ്തു.

നക്ഷത്രസംഗമത്തിന്റെ ഭാഗമായി ഉച്ചഭക്ഷണം, മുതിർന്ന പൗരൻമാരുടെ വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ക്രൈസ്റ്റ് കോളേജ്, തൃശൂർ സെന്റ് മേരീസ് കോളേജുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും, മുതിർന്നവർക്കായുള്ള  വിനോദ പരിപാടികളും നക്ഷത്രസംഗമത്തിന്റെ മാറ്റ് കൂട്ടി. ആടിയും പാടിയും തങ്ങളുടെ പുതുവർഷം മുതിർന്നവർ ആഘോഷമാക്കി. ആന്റണി എന്ന മുതിർന്ന പൗരന്റെ സാന്താക്ളോസ് വേഷവും കരോൾ സംഘവും മുതിർന്നവരും യുവതലമുറയും ചേർന്നുള്ള നൃത്തവും ആഘോഷവും വേറിട്ട അനുഭവമായി.

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ സോണിയ ഗിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആന്റ് ആർഡിഒ ഷാജി എംകെ മുഖ്യാഥിതി ആയിരുന്നു. വെരി.റവ. മോൺസിഞ്ഞോൾ ജോയി പാല്യക്കര അനുഗ്രഹ പ്രഭാഷണം നടത്തി. നോബൽ ഹൈജീൻ സോണൽ സെയിൽസ് മാനേജർ ശ്രീഹരി വി, ഫാ:ഡേവിസ് മാളിയേക്കൽ, ഹൗസ് ഓഫ് പ്രൊവിഡൻസ് മാനേജർ ബ്രദർ.ഗിൽബർട്ട് ഇടശേരി, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫൻ, ആർഡിഒ ഓഫീസ് ജൂനിയർ സൂപ്രണ്ട് ബിന്ദു കെ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ സി രാധാകൃഷ്ണൻ, ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്, സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് സിനോ സേവി എന്നിവർ ചടങ്ങിൽ സംസാരിച്ചു.