വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 വരെ ലഭിച്ച എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും പരിശോധിച്ച് തീര്‍പ്പാക്കിയതായും അതനുസരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതി അറിയിച്ചു. 2022 നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മരണമടഞ്ഞവര്‍, സ്ഥലം മാറിപ്പോയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പ് വന്നിട്ടുള്ളവര്‍ തുടങ്ങിയവ നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 34,000 പേരുടെ കുറവ് അന്തിമ വോട്ടര്‍പ്പട്ടികയില്‍ വന്നിട്ടുണ്ട്. ബി.എല്‍.ഒമാര്‍ മുഖേന ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ഒഴിവാക്കലുകള്‍ വരുത്തിയതിനാലാണ് ഇപ്രകാരം കുറവ് വന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവസാനഘട്ട അവലോകന യോഗത്തിലാണ് വിവരങ്ങള്‍ പരിശോധിച്ചത്. കൂടാതെ 18, 19 പ്രായപരിധിയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ കൂടിയതായും യോഗത്തില്‍ വിലയിരുത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്തിമ വോട്ടര്‍പ്പട്ടിക പരിശോധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിന് വേണ്ട ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്നും ഒബ്‌സര്‍വര്‍ യോഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്ന് ഒബ്സര്‍വര്‍ അറിയിച്ചു.

യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ഇ.ആര്‍.ഒ, താലൂക്ക് തല ഉദ്യോഗസ്ഥര്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.