ക്ഷീരമേഖല പുത്തൻ ഉണർവിന്റെ പാതയിൽ : മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്തെ ക്ഷീരവികസന രംഗത്തെ സമ​ഗ്ര വികസനം ലക്ഷ്യമിട്ട്  ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് വേദിയാകാൻ ത്യശൂർ ജില്ല.

ഫെബ്രുവരിമാസം മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ വിപുലമായ പരിപാടികളോടെയാണ് 3 ദിവസം നീണ്ടു നിൽക്കുന്ന ക്ഷീര കർഷക സംഗമം നടക്കുക. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്നു.

ക്ഷീരമേഖലയെ മാറ്റങ്ങൾക്ക് വിധേയമാക്കി ഉത്പാദനവും ആദായവും വർധിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷീര കർഷകരുടെ ക്ഷേമം ഉറപ്പാക്കലാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ക്ഷീരകർഷകർക്ക് വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കോൾ സെന്റർ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. നാലക്ക കോൾ സെന്റർ നമ്പർ ഉടൻ സജ്ജമാക്കും. ക്ഷീരകർഷകർക്ക് വീട്ടുമുറ്റത്ത് സഹായം ലഭ്യമാക്കാൻ ഡോക്ടർമാരുടെ സേവനമുണ്ട്. ഇവിടങ്ങളിലെല്ലാം വാഹനവും നൽകും. അടുത്ത മാസം 5ന് 29 വാഹനങ്ങൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലകളിലേയ്ക്കും വാഹനങ്ങൾ നൽകും. അടിയന്തരഘട്ടത്തില്‍ സഞ്ചരിക്കുന്നതിന് ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടും. ആംബുലന്‍സില്‍ ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റര്‍ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പാലിനൊപ്പം മുട്ട, മാംസം, പച്ചക്കറി എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് പുൽ കൃഷി വ്യാപകമായി നടപ്പിലാക്കുന്നുണ്ട്. ചോളം കൃഷിയും ആരംഭിച്ചിട്ടുണ്ട്. ക്ഷീര മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് പുതിയ തലമുറയെ കൂടി ഭാഗമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

ശുദ്ധമായ പാലിന്റെ ഉൽപാദനവും വിതരണവും ഉറപ്പു വരുത്താൻ ശ്രദ്ധേയമായ നടപടികളാണ് ക്ഷീര വികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കർഷകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുന്ന തരത്തിലുമുള്ള മേളയായി ക്ഷീര സംഗമം മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.

 

ക്ഷീര കർഷക സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ജെ ചിഞ്ചുറാണി, ഡോ.ആർ ബിന്ദു, കെ രാധാകൃഷ്ണൻ, ടി എൻ പ്രതാപൻ എംപി, KVASU വൈസ് ചാൻസലർ ഡോ.ശശീന്ദ്രനാഥ് എന്നിവർ രക്ഷാധികാരികളായും മന്ത്രി കെ രാജൻ ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു. പി ബാലചന്ദ്രൻ എം എൽ എ, മേയർ എം കെ വർഗീസ് എന്നിവരാണ് വർക്കിംഗ് ചെയർമാൻമാർ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ ജനറൽ കൺവീനർ. ജില്ലാ കലക്ടർ ഹരിത വി കുമാർ, KVASU രജിസ്ട്രാർ പി സുധീർ കുമാർ എന്നിവർ വർക്കിംഗ് കൺവീനർമാരാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ടെ 251 അംഗ ജനറൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. ക്ഷീര കർഷക സംഗമം വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും ചർച്ചയും ജനുവരി 08 ന് വെറ്ററിനറി യൂണിവേഴ്സിറ്റി അലുമിനി ഹാളിൽ നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. ക്ഷീര സംഗമത്തിന്റെ ഭാഗമായി ഡയറി എക്സ്പോ, എക്സിബിഷൻ, വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിക്കും.

 

പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, പി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി,

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ കൃഷ്ണകുമാർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

വേണു കണ്ഠരുമഠത്തിൽ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം അഷ്റഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെഎസ് ജയ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ,

ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ (ജനറൽ) സുജയ് കുമാർ, ക്ഷീരവികസന വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ കൗശികൻ പദ്ധതി വിശദീകരണം നടത്തി.