പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോയ്ക്കും കരിയർ സെമിനാറുകൾക്കും കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ഹയർസെക്കന്ററിക്കു ശേഷമുളള ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതാണ് മേള. രാജ്യത്തെ 50 ലേറെ മികച്ച സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സേവനം മേളയിൽ ലഭ്യമാണ്. ഈ സ്ഥാപനങ്ങളിലെ ഫാക്കൽറ്റിമാരോട് ദിശ എക്സ്പോയിലെത്തി നേരിട്ട് സംവദിക്കാം. രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ ഒന്നിക്കുന്നു എന്നതാണ് ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോയുടെ സവിശേഷത.
സിവിൽ സർവീസ്, വിദേശ വിദ്യാഭ്യാസം, എൻജിനിയറിംഗ്, മെഡിക്കൽ, ടൂറിസം, സ്പോർട്സ്, കൊമേഴ്സ്, സാഹിത്യം, ഫോട്ടോഗ്രാഫി, സിനിമ, മാധ്യമപ്രവർത്തനം, സംരംഭകത്വം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ അതാത് മേഖലകളിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെമിനാറുകളും പാനൽ ചർച്ചകളും ദിശയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
സെമിനാറുകളിൽ പങ്കെടുക്കാൻ www.disha2023.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ദിശയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഗവേഷണത്തിലൂടെ വികസിപ്പിച്ച കെ -ഡാറ്റ് അഭിരുചി നിർണയ പരീക്ഷ പരിചയപ്പെടാനും രജിസ്റ്റർ ചെയ്തവർക്കു പരീക്ഷയിൽ പങ്കെടുക്കാനും സൗകര്യമുണ്ടായിരിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക കരിയർ, മാർഗ്ഗ നിർദ്ദേശക സംവിധാനവും ദിശയിൽ ഒരുക്കിയിട്ടുണ്ട്.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യഭാഷണം നടത്തി.
പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.ജീവൻബാബു പദ്ധതി വിശദീകരിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ആന്റ് എസ്.ഐ.ഇ.എം.എ.ടി ഡയറക്ടർ ഡോ. ബി.അബുരാജ്, പരീക്ഷ വിഭാഗം ജോയിന്റ ഡയറക്ടർ എസ്.എസ്.വിവേകാന്ദൻ, എച്ച്.എസ്.ഇ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബുൾകലാം.എം, സീനിയർ ഫിനാൻസ് ഓഫീസർ മോഹൻകുമാർ.എൻ, ആർ.ഡി.ഡി ഡോ.അനിൽ പി.എം, വി.എച്ച്.എസ്.ഇ ഡി.ഡി ഡോ.അനിൽ കുമാർ.റ്റി.വി, ഡോ. അസീം.സി.എം എന്നിവർ സംബന്ധിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതവും അക്കാഡമിക് ജോയിന്റ ഡയറക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.