ജനുവരി ഏഴ് വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം ഹരിത ചട്ടം പാലിച്ചു നടത്തുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്ക് പിന്തുണയുമായി കർമ്മസേന. രാമനാട്ടുകര നഗരസഭയിലേയും കുന്നമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത കർമ്മസേന അംഗങ്ങളാണ് പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് പകരം തുണിസഞ്ചികളും പേപ്പർ ബാഗുകളും നിർമ്മിച്ച് മാതൃകയായത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഹരിത കർമ്മ സേനാംഗങ്ങളായ അജിത, സാബിറ, സ്മിത ഷീജ, എന്നിവരിൽ നിന്ന് തുണിസഞ്ചി ഏറ്റുവാങ്ങി.

നവകേരളം മിഷന്റെ സഹായത്തോടെയാണ് ഇത്തരമൊരു ഇടപെടൽ. പ്ലാസ്റ്റിക് സഞ്ചിക്ക് ബദലായി 150 ഓളം തുണിസഞ്ചികളും പേപ്പർ ബാഗുകളുമാണ് ഇവർ തയ്യാറാക്കിയത്. വേദികളിലെത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഗ്രീൻ ബ്രിഗേഡ് മുഖേന തുണിസഞ്ചികൾ വിതരണം ചെയ്യുന്നത്.

ചടങ്ങിൽ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ എം.രാജൻ, കൺവീനർ കെ.കെ ശ്രീജേഷ് കുമാർ, നവകേരളം മിഷൻ പ്രതിനിധികളായ പ്രിയ.പി, രാജേഷ്.എ, രുദ്രപ്രിയ ജി.ആർ, ജസ്ലിൻ, പ്രമോദ്, ജോയിന്റ് കൺവീനർമാർ തുടങ്ങിവർ പങ്കെടുത്തു.