കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു.1957 മുതലുള്ള 55 സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കലോത്സ ചരിത്രത്തിൻ്റെ ഇടനാഴിയിലേക്ക് വഴിത്തുറക്കുന്നത്.

പ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡൻ്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ് രാകേഷ് എന്നിവർ സംബന്ധിച്ചു.

സ്കൂൾ കലോത്സവമെന്ന ആശയത്തിന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ സി.എസ് വെങ്കിടേഷൻ,1957 ജനുവരി 26, 27 തിയ്യതികളിലായി എറണാകുളം ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന ആദ്യത്തെ കലോത്സവം, ആദ്യത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വടക്കെ മലബാർ ജില്ല, വിവിധ വർഷങ്ങളിലെ കലാതിലകവും, കലാപ്രതിഭകളും തുടങ്ങി കലോത്സവത്തിൻ്റെ ഇന്നലകളെ അടയാളപ്പെടുത്തുന്ന പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രണ്ട് വർഷത്തെ പ്രയത്നത്തിലൂടെ ജി അനൂപാണ് കലോത്സവ ചരിത്രം ക്രോഡീകരിച്ചത്. വിവിധ സർക്കാർ രേഖകൾ, ഉത്തരവുകൾ, ചിത്രങ്ങൾ തുടങ്ങിയവ വിവരശേഖരണത്തിന് സഹായകരമായി. കലോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്താളുകളും പ്രദർശനത്തിലുണ്ട്.