പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കല്ലാര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച കല്ലാര്‍ കാര്‍ഡമം പ്രോസസിംഗ് ആന്‍ഡ് ഇ മാര്‍ക്കറ്റിംങ്ങ് പ്രോജക്റ്റ് ഓഫീസ് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏലം, റബര്‍ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം കര്‍ഷകരെ നശിപ്പിക്കുന്നതാണെന്നും സ്പൈസസ് ബോര്‍ഡ് ഇക്കാര്യത്തില്‍ കൈ മലര്‍ത്തുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. അഡ്വ.എ രാജ എം. എല്‍. എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കൃഷിക്കാര്‍ക്ക് മികച്ച ഗുണമേന്മയിലും കുറഞ്ഞ ചിലവിലും ഏലക്ക ഉണക്കി ഗ്രേഡ് ചെയ്ത് കൊടുക്കാനും സ്പൈസസ് ബോര്‍ഡിന്റെ ലേല കേന്ദ്രങ്ങളില്‍ ഏലക്ക ലേലത്തിന് വച്ച് കൃഷിക്കാര്‍ക്ക് മികച്ച വില ലഭ്യമാക്കാനുമായി സഹകരണ ബാങ്ക് കുരിശുപാറ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രൊജക്റ്റ് ഓഫീസ് തുറന്നത്. ബാങ്കിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ 5.5 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങില്‍ അംഗ സമാശ്വാസ രണ്ടാംഘട്ട ധനസഹായ വിതരണം എം. എം. മണി എം. എല്‍. എ. നിര്‍വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍, കേരള ബാങ്ക് ഡയറക്ടര്‍ കെ. വി. ശശി, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ജോസ്നാല്‍ ഫ്രാന്‍സിസ്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, ബാങ്ക് പ്രസിഡന്റ് എം. എം. കുഞ്ഞുമോന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ബീന എം., ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.