മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റൻറ് കമാണ്ടൻറ് ഹബീബ് റഹ്‌മാൻ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. സുധീർ കുമാർ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ സുരേന്ദ്രൻ, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറർ ശ്രീ വി.വി. അബ്ദുൽ റഊഫ് എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്.
ശരിയുത്തരം പ്രവചിച്ച 2263 പേരിൽനിന്നും നറുക്കെടുപ്പിൽ മുഹമ്മദ് ആസിഫ്, ഗ്ലാമർസിറ്റി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, കരിപ്പോൾ, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അർഹനായി.
ലോകകപ്പിൽ രണ്ടാം സ്ഥാനം ആര് നേടുമെന്നതിൽ ശരിയുത്തരം നൽകിയ 2101 പേരിൽനിന്നും ആദിൽ മുഹമ്മദ്, യുവ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, പൂളമംഗലം, ആതവനാട് സമ്മാനാർഹനായി. ഗോൾഡൻ ബൂട്ട് ആർക്കാവുമെന്നതിൽ ശരിയുത്തരം നൽകിയ 4122 പേരിൽനിന്നും കെ. അനസ്, മാസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, മമ്പാട്ടുമൂല, ചോക്കാട് പഞ്ചായത്ത് സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ഗോൾഡൻ ബോൾ ആര് നേടുമെന്നതിന് ശരിയുത്തരം നൽകിയ 3239 പേരിൽനിന്നും പി.കെ മുഹമ്മദ് ഷഹീം, ലൂയിസ്-11 ക്ലബ്ബ്, വടക്കുംപാടം, മൂർക്കനാട് പഞ്ചായത്ത് അർഹത നേടി. ഇവർക്കെല്ലാം 5001 രൂപയുടെ സമ്മാനമാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്.
ഓൺലൈൻ പ്രവചന മത്സരത്തിന് സാങ്കേതിക പിന്തുണ നൽകിയ മുസ്തഫ അബ്ദു നാസറിനെ ചടങ്ങിൽ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജനവരി ഏഴിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ വെച്ച് വിതരണം ചെയ്യും. വിജയികൾ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബുകൾക്കുള്ള ട്രോഫികളും സമ്മാനിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം, സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സറീന ഹസീബ്, പ്രോഗ്രാം കൺവീനർ പി.കെ.സി. അബ്ദുറഹ്‌മാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് റഷീദ്, അംഗങ്ങളായ അഡ്വ. പി.വി. മനാഫ്, കെ.ടി. അഷ്‌റഫ്, ബഷീർ രണ്ടത്താണി, റഹ്‌മത്തുന്നിസ, ഫൈസൽ എടശ്ശേരി, വി.കെ.എം ഷാഫി, ശ്രീദേവി പ്രാക്കുന്ന്, കെ സലീന ടീച്ചർ, സുഭദ്ര ശിവദാസൻ, എം.പി ഷരീഫ ടീച്ചർ, റൈഹാനത്ത് കുറുമാടൻ, ടി.പി. ഹാരിസ് സംബന്ധിച്ചു.