കൃഷിവകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക വിള സംസ്‌കരണ സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികോത്പ്പന്ന സംസ്‌കരണത്തിനും വിപണനത്തിനും പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ധനസഹായം അനുവദിക്കും. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ തലത്തിലുള്ള സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷക ഉത്പ്പാദന കമ്പനികള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കാം.

10 ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ള പ്രോജക്ടുകള്‍ക്ക് സ്മോള്‍ ഫാര്‍മേഴ്‌സ് അഗ്രി കണ്‍സോര്‍ഷ്യം മുഖേന അമ്പത് ശതമാനം സബ്സിഡിയായി പരമാവധി 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വീസ് സെന്റര്‍, കൃഷി ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് കൊപ്ര ഡ്രയര്‍ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്‌സിഡിയായി പരാമാവധി 4 ലക്ഷം രൂപ അനുവദിക്കും.

സര്‍വീസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കാര്‍ഷികോത്പന്ന സംസ്‌കരണത്തിനും വിപണനത്തിനുമുള്ള പ്രോജക്ടുകള്‍ക്ക് 50 ശതമാനം സബ്‌സിഡിയായി പരമാവധി 15 ലക്ഷം രൂപ അനുവദിക്കും. പച്ചക്കറികളുടെയും പഴങ്ങളുടെയും വിപണനത്തിനായി കാര്‍ഷിക കര്‍മ്മസേനയ്ക്കും അഗ്രോ സര്‍വീസ് സെന്ററിനും ഐ.ഐ.എച്ച്.ആര്‍ മുച്ചക്ര വാഹനത്തിന് 50 ശതമാനം സബ്‌സിഡിയായി പരമാവധി 1 ലക്ഷം രൂപ നല്‍കും.

അപേക്ഷകള്‍ ജനുവരി 16 മുമ്പായി അതാത് കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ആത്മ വയനാട് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.