സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കം

സർഗാത്മകമായ വാസനകൾ വളർത്തിയെടുത്ത് കലയെ പരിപോഷിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കൊടുങ്ങല്ലൂർ ഗവൺമെന്റ് ടെക്നിക്ക് ഹൈസ്കൂളിൽ ആരംഭിച്ച 43-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ ഉത്തേജിപ്പിക്കുകയാണ് കലോത്സവവേദികളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവ അച്ചടക്കത്തോടെ പൂർത്തീകരിക്കാൻ സാധിക്കണമെന്നും ആ വേദികൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും സ്പീക്കർ പറഞ്ഞു.

5,6,7, തീയതികളിലായി ഗവൺമെന്റ് പോളിടെക്നിക്ക് ഹൈസ്കൂളിലെ എട്ട് വേദികളിലായാണ് കലോത്സവം. 48 സ്കൂളുകളിൽ നിന്നായി 1500ൽ പരം വിദ്യാർത്ഥികൾ 42 ഇനങ്ങളിൽ മാറ്റുരയ്ക്കും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കലോത്സവ വേദിക്ക് അരങ്ങ് വീഴും.

വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.