കായംകുളം താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും പുതിയ ടോക്കണ്‍ സംവിധാനങ്ങളുടെയും ഉദ്ഘാടനം യു. പ്രതിഭ എം.എല്‍.എ. നിര്‍വഹിച്ചു. 2024-നുള്ളില്‍ കായംകുളം താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എം.എല്‍.എ. പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ. അറിയിച്ചു.
പഴയ ഫാര്‍മസിയുടെ തറ ഉയര്‍ത്തി കോണ്‍ക്രീറ്റ് ഇട്ട് ടൈല്‍ പാകി. പഴയ ജനാലകളും പൊട്ടിയ ഗ്ലാസുകളും മാറ്റി പുതിയത് സ്ഥാപിച്ചു. ട്രാക്കുകള്‍ മാറ്റി പുതിയ മെഡിലാപ് ട്രാക്കുകളും സ്ഥാപിച്ചു. മരുന്ന് സൂക്ഷിക്കുന്ന സ്റ്റോറില്‍ ട്രാക്ക് അടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടാക്കി എയര്‍ കണ്ടീഷന്‍ ചെയ്തു. മരുന്നുവാങ്ങാന്‍ വരുന്നവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയതിനൊപ്പം തിരക്ക് ഒഴിവാക്കാനായി കുട്ടികള്‍ക്കായി ഒരു അധിക കൗണ്ടറും പ്രത്യേകം ആരംഭിച്ചു.
നഗരസഭയുടെ പ്ലാന്‍ഫണ്ട്, ആര്‍.എസ്.ബി.വൈ. ഫണ്ട്, എച്ച്.എം.സി. ഫണ്ട് എന്നിവയും സ്വകാര്യവ്യക്തികളുടെ സംഭാവനയും ഉപയോഗിച്ചാണ് ഫാര്‍മസി നവീകരിച്ചത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, കൗണ്‍സിലര്‍മാരായ പുഷ്പദാസ്, കേശുനാഥ്, ഫര്‍സാന ഹബീബ്, ആശുപത്രി സൂപ്രണ്ട് ഡോ. ഇക്ബാല്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.