ഭാരവാഹനങ്ങൾ ഇടതുവശം ചേർന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയിൽ വാഹന പരിശോധനയും ബോധവൽക്കരണവും ആരംഭിച്ചു. വാഹനാപകടങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരം പ്രകാരമാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത്.

ഭാരവാഹനങ്ങൾ നാലുവരിപ്പാതകളിൽ വലതുവശം ചേർന്ന് ഓടിക്കുന്നതിനെ തുടർന്ന് മറ്റ് വാഹനങ്ങൾ ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യാനിടയാവുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്മാരും വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരും പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ 264 കേസുകൾ രജിസ്റ്റർ ചെയ്തു.

മലപ്പുറത്ത് നടത്തിയ പരിശോധനയ്ക്ക് ആർടിഒ സി.വി.എം ഷരീഫ് നേതൃത്വം നൽകി. എൻഫോഴ്‌സ്‌മെന്റ് എം വി ഐമാരായ പി.കെ മുഹമ്മദ് ഷഫീഖ്, ബിനോയ് കുമാർ, എ എം വി ഐ മാരായ കെ.ആർ ഹരിലാൽ, പി. ബോണി, സയ്യിദ് മഹ്‌മൂദ്, എബിൻ ചാക്കോ, ഷൂജ മാട്ടട, എം. സലീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.