പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ജില്ലാതല ജനകീയ ശില്പശാല നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, എസ് സി ഇ ആർ ടി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രാപ്തരാക്കുന്ന രീതിയിലാവണം പാഠ്യപദ്ധതി പരിഷ്കരണം എന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയായി.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 966 സ്കൂളുകളിലും 94 പഞ്ചായത്തുകളിലും 18 ബ്ലോക്കുകളിലും ആദ്യഘട്ട ജനകീയ ചർച്ച നടത്തിയിരുന്നു. രക്ഷിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും ജനപ്രതിനിധികളും പങ്കാളികളായി. 20000 ൽ അധികം വിദ്യാർഥികൾ സ്കൂൾതല ചർച്ചകളിൽ പങ്കെടുത്തു.

സ്കൂൾ-പഞ്ചായത്ത്-ബ്ലോക്ക് തല ചർച്ചകളിൽ നിന്ന് തെരഞ്ഞെടുത്ത 26 ഫോക്കസ് മേഖല വിഷയങ്ങളെ 12 ചർച്ചാ ഗ്രൂപ്പുകളാക്കി തിരിച്ച് ജില്ലാതല ചർച്ച നടത്തി. ഇങ്ങനെ 14 ജില്ലകളിൽ നടക്കുന്ന ജനകീയ ചർച്ചകളിൽ ഉൾതിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് ബൃഹത്തായ പൊസിഷൻ പേപ്പർ തയ്യാറാക്കും. ഇത് വിദഗ്ധർ കൂടി പരിശോധിച്ച് വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തി പൂർത്തിയാക്കും. തുടർന്ന് കേരള കരിക്കുലം ഫ്രെയിം വർക്കിലേക്ക് നൽകും. കെസിഎഫിന്റെ അടിസ്ഥാനത്തിലായിരിക്കും പാഠ്യപദ്ധതി രൂപീകരണം.

2040-45 വർഷത്തിൽ പ്രവർത്തനമേഖലയിലേക്ക് കടക്കുന്ന കുട്ടിക്ക് അവശ്യം വേണ്ട കാര്യങ്ങളിൽ അവരെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം. 2007-08 വർഷത്തിലാണ് വിപുലമായ ചർച്ചകളിലൂടെയുളള പാഠ്യപദ്ധതി പരിഷ്കരണം കേരളത്തിൽ അവസാനമായി നടന്നത്.

രാമവർമ്മപുരം വിജ്ഞാൻ സാഗർ ഹാളിൽ നടന്ന ശില്പശാലയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. ഡി ശ്രീജ, കരിക്കുലം കമ്മിറ്റി അംഗം വിജയരാജ മല്ലിക, ഡോ. ബിനോയ്, ഡോ. അജി, അജിത് കുമാർ, ടി വി വിനോദ്, അഷറഫ്, സി ചന്ദ്രബാബു, റഹിമുദീൻ എന്നിവർ പങ്കെടുത്തു. ടി എസ് സജീവൻ പദ്ധതി വിശദീകരണം നടത്തി.

വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഡിഇഒ, എഇഒ, ബിപിസി മാർ, ഡയറ്റ് ഫാക്കൽറ്റീസ്,പ്രോഗ്രാം ഓഫീസേഴ്സ്, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ തുടങ്ങി 150ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു.